എമിറാത്തികൾക്ക് പുതിയ വായ്പാ പദ്ധതി പ്രഖ്യാപിച്ച് അബുദാബി. ആദ്യമായി വിവാഹിതരാകുന്ന യുഎഇ പൗരന്മാർക്ക് 1,50,000 ദിർഹം വരെ പലിശ രഹിത വായ്പ നൽകുന്ന ‘വിവാഹ വായ്പ’ സംരംഭമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അബുദാബി സോഷ്യൽ സപ്പോർട്ട് അതോറിറ്റിയുടേതാണ് (എസ്എസ്എ) പുതിയ പദ്ധതി. 2024 സെപ്റ്റംബർ ആദ്യം മുതൽ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങും.
അബുദാബി ഫാമിലി ബുക്ക് കൈവശം വച്ചിരിക്കുന്ന ജോലിയുള്ള എമിറാത്തികൾക്കാണ് ലോൺ ലഭിക്കുക. അബുദാബി കമ്മ്യൂണിറ്റി ഡെവലപ്‌മെൻ്റ് ഡിപ്പാർട്ട്‌മെൻ്റ് ആരംഭിച്ച അബുദാബി ഫാമിലി വെൽബിയിംഗ് സ്‌ട്രാറ്റജിയുടെയും എമിറാത്തി ഫാമിലി ഗ്രോത്ത് പ്രോഗ്രാമിൻ്റെയും ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. യുഎഇയുടെ പൈതൃകത്തിനും വിവാഹ പാരമ്പര്യത്തിനും അനുസൃതമായി വിവാഹിതരാകാൻ യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതിനും ശക്തമായ കുടുംബങ്ങൾ സ്ഥാപിക്കുന്നതിനുമായാണ് ഈ സംരംഭം ആരംഭിച്ചത്.
വായ്പ ലഭിക്കുന്നതിനുള്ള വ്യവസ്ഥകൾ ഇപ്രകാരമാണ്
• വിവാഹസമയത്ത് ഭർത്താവിന് കുറഞ്ഞത് 21 വയസും ഭാര്യക്ക് 18 വയസും ആയിരിക്കണം.
• ഭർത്താവ് അബുദാബിയിൽ ഇഷ്യൂ ചെയ്ത ഫാമിലി ബുക്ക് കൈവശം വയ്ക്കണം
• അപേക്ഷ ഭർത്താവ് സമർപ്പിക്കണം
• ഭർത്താവിൻ്റെ പ്രതിമാസ തൊഴിൽ വരുമാനം 60,000 ദിർഹത്തിൽ കുറവായിരിക്കണം
• മെഡീം ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ രജിസ്‌ട്രേഷൻ നടത്തണം