ഡ്രൈവറില്ലാ ടാക്സികൾക്ക് പിന്നാലെ യുഎഇയുടെ നിരത്തുകൾ കീഴടക്കാൻ ഡ്രൈവറില്ലാ ട്രക്കുകളും എത്തുന്നു. രാജ്യത്തെ ആദ്യത്തെ ഡ്രൈവറില്ലാ ട്രക്കിന്റെ ഒന്നാം ഘട്ട പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് യുഎഇയിലെ ആദ്യത്തെ ഡ്രൈവറില്ലാ ട്രക്കുകൾ നിരത്തിലിറക്കിയത്.
എവോകാർഗോ എൻ1 എന്ന ഡ്രൈവറില്ലാ ഇലക്ട്രിക് ട്രക്കാണ് പരീക്ഷണ ഓട്ടത്തിൽ വിജയിച്ചത്. പാർക്കിങ്, റിവേഴ്‌സ് പാർക്കിങ്, ടേണിങ്, റിവേഴ്‌സ് ടേണിങ് എന്നിവയുൾപ്പെടെയുള്ള ട്രക്കിന്റെ മുഴുവൻ സംവിധാനങ്ങളും പ്രവർത്തന ക്ഷമമാണോയെന്ന് അധികൃതർ പരിശോധിച്ചിരുന്നു. വാഹനത്തിന് ചുറ്റുമുള്ള സ്ഥലത്തിൻ്റെ കംപ്യൂട്ടർ കാഴ്ച, ഓട്ടോമാറ്റിക് ഡയഗ്നോസ്‌റ്റിക് സിസ്‌റ്റം, റിമോട്ട്-സ്‌റ്റോപ്പ് സിസ്റ്റം, സ്‌റ്റാൻഡ്ബൈ ന്യൂമാറ്റിക് ബ്രേക്കിങ് സിസ്‌റ്റം എന്നിങ്ങനെ നാല് ശ്രേണികളാണ് ഇതിൻ്റെ സുരക്ഷാ സംവിധാനത്തിനുള്ളത്. ഇവയെല്ലാം പരീക്ഷണ ഘട്ടത്തിൽ വിജയിച്ചിരുന്നു.
എവോകാർഗോ എൻ1-ൻ്റെ ലിഫ്റ്റിങ് കപ്പാസിറ്റി 2 ടൺ ആണ്. കൂടാതെ 200 കിലോമീറ്റർ വരെ 25 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ആറ് യൂറോ പാലറ്റുകളെ ഉൾക്കൊള്ളാൻ ഇതിന് കഴിയും. ഒരു ദിവസം മുഴുവനുമുള്ള പ്രവർത്തനത്തിനായി ഒരു വാഹനം ചാർജ് ചെയ്യുന്നതിന് ഔട്ട്ലെറ്റിനെ ആശ്രയിച്ച് 40 മിനിറ്റ് മുതൽ ആറ് മണിക്കൂർ വരെയാണ് എടുക്കുക. പരമ്പരാഗത ഇന്ധനത്തിന് പകരം വൈദ്യുതിയും ഹൈഡ്രജൻ ഇന്ധന സെല്ലുകളും ഇതിൽ ഉപയോഗിക്കുന്നതിനാൽ ചെലവ് കുറയ്ക്കാനും സാധിക്കുമെന്നാണ് വിലയിരുത്തൽ.