ഏറെ ആരാധകരുള്ള താരമാണ് അനുഷ്ക ഷെട്ടി. താരവുമായി ബന്ധപ്പെട്ട വാർത്തകളെല്ലാം വലിയ താത്പര്യത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇപ്പോൾ താരം പങ്കുവെച്ച ഒരു വാർത്ത കേട്ട് ഞെട്ടിയിരിക്കുകയാണ് ജനങ്ങൾ. അപൂർവ്വമായ തന്റെ രോഗത്തേക്കുറിച്ചാണ് അനുഷ്ക തുറന്നുപറഞ്ഞത്. ചിരി തുടങ്ങിയാൽ താരത്തിന് നിർത്താൻ സാധിക്കില്ലെന്നാണ് വെളിപ്പെടുത്തിയത്.
‘കേൾക്കുന്നവർക്ക് അത്ഭുതം തോന്നാം. ചിരി ഒരു പ്രശ്‌നമാണോ എന്നൊക്കെ. എന്നാൽ തനിക്ക് ചിരി ഒരു പ്രശ്നമാണ്. ചിരി തുടങ്ങിയാൽ 15 മുതൽ 20 മിനിറ്റോളം തനിക്കത് നിർത്താൻ കഴിയില്ല, ഹാസ്യരംഗങ്ങൾ കാണുകയോ ഷൂട്ട് ചെയ്യുകയോ ഒക്കെ ചെയ്യുമ്പോൾ ചിരിച്ച് മറിയുകയും ഇതുമൂലം പലതവണ ഷൂട്ടിങ് നിർത്തേണ്ടിവരികയും ചെയ്തിട്ടുണ്ട്’ എന്നാണ് അനുഷ്‌ക പറഞ്ഞത്.
ചിരി തുടങ്ങിയാൽ നിർത്താൻ കഴിയാത്ത ‘സ്യൂഡോബൾബർ’ എന്ന അവസ്ഥയാണ് അനുഷ്‌കയുടേത്. പെട്ടെന്ന് നിയന്ത്രിക്കാനാവാത്ത രീതിയിലുള്ള ചിരിയും കരച്ചിലും വരുന്ന അവസ്ഥയാണിത്. ചിലതരം നാഡീതകരാറുകളോ അപകടങ്ങളോ ഉണ്ടായിട്ടുള്ളവരിലാണ് കൂടുതലായും കണ്ടുവരുന്നത്. സ്യൂഡോബൾബർ അഫെക്റ്റിൻ്റെ പ്രധാനലക്ഷണം ഇടയ്ക്കിടെ അനിയന്ത്രിതമായി വരുന്ന ചിരിയോ കരച്ചിലോ തന്നെയാണ്.
ചിരി ചിലപ്പോൾ കരച്ചിലിലേക്കും വഴിമാറാം. ചിരിയേക്കാൾ നിയന്ത്രിക്കാനാവാത്ത കരച്ചിലാണ് ഇവിടെ കൂടുതൽ പ്രകടമാവാറുള്ളത്. ഏതാനും നിമിഷങ്ങളോളം ഈ വികാരങ്ങൾ നീണ്ടുനിൽക്കാം. രോഗലക്ഷണം ഉണ്ടെന്ന് തോന്നിയാൽ വിദഗ്‌ധചികിത്സ തേടുകയും വേണം. എന്തായാലും താരത്തിന്റെ വെളിപ്പെടുത്തലോടെ ഈ രോഗത്തേക്കുറിച്ചാണ് സാമൂഹ്യമാധ്യമങ്ങളിലെ പ്രധാന ചർച്ച.