ട്രെയിൻ യാത്രയ്ക്കിടെ ബെർത്ത് പൊട്ടി വീണ് പൊന്നാനി സ്വദേശി മരണപ്പെട്ടു. മാറഞ്ചേരി എളയിടത്ത് മാറാടിക്കൽ അലിഖാൻ (62) ആണ് മരിച്ചത്. താഴത്തെ ബെർത്തിൽ കിടന്ന അലിഖാൻ്റെ ദേഹത്തേയ്ക്ക് മുകളിലെ ബർത്ത് വീഴുകയായിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടയിൽ തെലങ്കാനയിലെ വാറങ്കലിൽ വെച്ചായിരുന്നു അപകടം. ട്രെയിനിലെ താഴത്തെ ബെർത്തിൽ കിടന്നിരുന്ന അലിഖാന് മുകളിലേക്ക് മധ്യഭാഗത്തെ ബെർത്ത് പൊട്ടി വീഴുകയായിരുന്നു. ബെർത്തിനോടൊപ്പം മുകളിലത്തെ ബെർത്തിൽ കിടന്നിരുന്ന ആളും താഴേയ്ക്ക് വീണു. ചരിഞ്ഞ് കിടക്കുകയായിരുന്ന അലിഖാന്റെ കഴുത്തിൽ ബെർത്ത് പതിച്ചതിനെത്തുടർന്ന് കഴുത്തിന്റെ ഭാഗത്തെ മൂന്ന് എല്ലുകൾ പൊട്ടുകയും ഞരമ്പിന് ക്ഷതം സംഭവിക്കുകയുമായിരുന്നു. ഇതേതുടർന്ന് കൈകാലുകൾ തളർന്നു പോയി.
റെയിൽവേ അധികൃതർ ഉടൻ ആദ്യം വാറങ്കലിലെ ആശുപത്രിയിൽ അലിഖാനെ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സക്കായി ഹൈദരാബാദിലെ കിങ്സ് മൾട്ടി സ്പെഷാലിറ്റി ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് വെള്ളിയാഴ്ച ഓപ്പറേഷൻ കഴിഞ്ഞെങ്കിലും ജീവൻ രക്ഷിക്കാനായില്ല.