വിദേശ തൊഴിലാളികൾക്ക് ഏറ്റവും ചെലവേറിയ നഗരങ്ങളുടെ പട്ടികയിൽ ദുബായ്. മെർസർ പുറത്തുവിട്ട ഏറ്റവും പുതിയ സർവേ പ്രകാരം ദുബായ് മൂന്ന് സ്ഥാനങ്ങൾ ഉയർന്ന് ലോകത്തിലെ ഏറ്റവും ചെലവേറിയ 15-ാമത്തെ നഗരമായി മാറി. ആഗോളതലത്തിൾ ഹോങ്കോംഗ് ഒന്നാം സ്ഥാനം നിലനിർത്തി. സിംഗപ്പൂരും. സ്വിസ് നഗരങ്ങളായ സൂറിച്ച്, ജനീവ, ബാസൽ എന്നിവയാണ് ഏറ്റവും ചെലവേറിയ അഞ്ച് നഗരങ്ങൾ.
അഞ്ച് ഭൂഖണ്ഡങ്ങളിലായി 226 നഗരങ്ങളിലാണ് സർവേ നടത്തിയത്. പാർപ്പിടം, ഗതാഗതം, ഭക്ഷണം, വസ്ത്രം, വീട്ടുപകരണങ്ങൾ, വിനോദം എന്നിങ്ങനെ ഓരോ സ്ഥലത്തെയും 200-ലധികം ഇനങ്ങളുടെ താരതമ്യ ചെലവുകൾ ഇത് വിലയിരുത്തി.വാടകയ്ക്ക് പുറമെ പലചരക്ക് സാധനങ്ങളും വ്യക്തിഗത പരിചരണ വസ്തുക്കളുടേയും വില വെത്യാസമാണ് ദുബായിലെ ജീവിതച്ചെലവ് വർധിക്കാൻ കാരണമായെന്നും സർവ്വേ സൂചിപ്പിക്കുന്നു.
മൈറ ഐലൻഡ്സ്, പാം ജുമൈറ, ദുബായ് സ്പോർട്സ് സിറ്റി, ദുബായ് ഹിൽസ് എസ്റ്റേറ്റ് തുടങ്ങിയ ജനപ്രിയ മേഖലകളിൽ 100 ശതമാനം വർധനയുണ്ടായതായും സർവ്വെ വെളിപ്പെടുത്തി. 2023 മാർച്ചിനും ഈ വർഷം മാർച്ചിനും ഇടയിൽ പെട്രോൾ, ഹെയർകട്ട്, ബ്ലൂ ജീൻസ് എന്നിവയുടെ വില കുറഞ്ഞപ്പോൾ എമിറേറ്റിൽ മുട്ട, ഒലിവ് ഓയിൽ, കാപ്പി എന്നിവയുടെ വില വർദ്ധിച്ചതായാണ് പഠനങ്ങൾ.
മിഡിൽ ഈസ്റ്റ് മേഖലയിലെ ഏറ്റവും ചെലവേറിയ നഗരം ടെൽ അവീവ് ആണ്. ടെൽ അവീവ് എട്ട് സ്ഥാനങ്ങൾ താഴ്ന്ന് 16-ാം സ്ഥാനത്തെത്തി, അബുദാബി (43), റിയാദ് (90), ജിദ്ദ (97), അമ്മാൻ (108), മനാമ. (110), കുവൈറ്റ് സിറ്റി (119), ദോഹ (121), മസ്കറ്റ് (122) എന്നിങ്ങനെയാണ് ഗൾഫ് മേഖലയിലെ മറ്റ് നഗരങ്ങളുടെ റാങ്കിംഗ്.
അതേസമയം നൈജീരിയൻ നഗരങ്ങളായ അബുജയും ലാഗോസും പാകിസ്ഥാൻ്റെ തലസ്ഥാനമായ ഇസ്ലാമാബാദും അന്താരാഷ്ട്ര ജീവനക്കാരുടെ ഏറ്റവും ചെലവ് കുറഞ്ഞ നഗരങ്ങളാണെന്നും മെർസർ സർവ്വേ വെളിപ്പെടുത്തുന്നു.