മുഖത്തിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനായി നിരവധി പേർ കോസ്മെറ്റിക് ശസ്ത്രക്രിയകൾ നടത്താറുണ്ട്. അത്തരത്തിൽ കോസ്മെറ്റിക് ശസ്ത്രക്രിയയ്ക്ക് വിധേയരായവരാണ് നിങ്ങളെങ്കിൽ പാസ്പോർട്ടിൽ പുതിയ ഫോട്ടോ അപ്ഡേറ്റ് ചെയ്യാൻ മറക്കരുത്.
മുഖത്തിന് മാറ്റം വരുത്തിയ യാത്രക്കാരോട് ഏറ്റവും പുതിയ ഫോട്ടോകൾ ഉടൻ തന്നെ പാസ്പോർട്ടിൽ അപ്ഡേറ്റ് ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുകയാണ് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ്(ദുബായ് എമിഗ്രേഷൻ). മുഖത്ത് സംഭവിക്കുന്ന മാറ്റങ്ങളുമായി പൊരുത്തപ്പെടുന്ന വിധത്തിലാണ് വ്യക്തിഗത ഫോട്ടോയാണ് പതിക്കേണ്ടത്. അതായത് പാസ്പോർട്ട് ഇഷ്യൂ ചെയ്തതിനുശേഷം മൂക്ക്, കവിൾ, താടി എന്നിവയുടെ ആകൃതിയിൽ മാറ്റങ്ങൾ വരുത്തുന്നവർ അതനുസരിച്ച് രേഖകളിലും മാറ്റം വരുത്തണം.
വിമാനത്താവളങ്ങളിൽ എത്തുമ്പോൾ നേരിടേണ്ടി വരുന്ന കർശനമായ പരിശോധനകളിൽ നിന്നും ഒഴുവാകുന്നതിനായാണ് പുതിയ ഫോട്ടോ അപ്ലോഡ് ചെയ്യാൻ അധികൃതർ ആവശ്യപ്പെടുന്നത്. വിമാനത്താവളത്തിലെ എമിഗ്രേഷൻ സിസ്‌റ്റത്തിൽ ശരിയായ ഡേറ്റ ലഭിക്കുന്നത് വരെ സൗന്ദര്യ ശസ്ത്രക്രിയ നടത്തിവരെ പരിശോധനയ്ക്കായി നിർത്തുകയും ചില ഘട്ടങ്ങളിൽ അവർക്ക് യാത്ര ചെയ്യേണ്ടുന്ന വിമാനത്തിൽ പോകാൻ പറ്റാത്ത സാഹചര്യവുമുണ്ടാകാം. ഇത് ഒഴിവാക്കാൻ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നാണ് അധികൃതർ അറിയിക്കുന്നത്.