മൂന്നുമാസത്തിനിടെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 366 വ്യാജ പാസ്പോർട്ടുകൾ പിടികൂടിയെന്ന് റിപ്പോർട്ട്. വിവിധ രാജ്യക്കാരിൽ നിന്നാണ് ഇത്രയും വ്യാജ പാസ്പോർട്ടുകൾ പിടികൂടിയതെന്ന് താമസ, കുടിയേറ്റ വകുപ്പ് (ജിഡിആർഎഫ്എ) അറിയിച്ചു. 2023ൽ 355 പാസ്പോർട്ടുകളാണ് ഇതേ കാലയളവിൽ പിടികൂടിയിരുന്നത്.
വ്യാജ പാസ്പോർട്ടുകൾ കണ്ടെത്തുന്നതിനായി വിമാനത്താവളത്തിൽ റെട്രോ ചെക്ക് എന്ന പ്രത്യേക മെഷീൻ സ്ഥാപിച്ചതായും ജിഡിആർഎഫ്എ ഡോക്യുമെൻ്റ് എക്സാമിനേഷൻ സെൻ്റർ കൺസൽറ്റൻ്റ് അഖിൽ അഹ്മദ് അൽ നജ്ജാർ പറഞ്ഞു. വ്യജരേഖകൾ ശ്രദ്ധയിൽപ്പെട്ടാൽ പാസ്പോർട്ട് കൺട്രോൾ ഓഫിസർ വിദഗ്ധ പരിശോധനയ്ക്കു വിധേയമാക്കുമെന്നും സ്ഥിരീകരിച്ചാൽ പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
വ്യാജ പാസ്പോർട്ടുമായി എത്തുന്നവരെ നിയമനടപടികൾക്ക് വിധേയമാക്കും. കോടതി വിധി അനുസരിച്ചായിരിക്കും തുടർനടപടികൾ. പാസ്പോർട്ടിന് പുറമേ വീസ, തിരിച്ചറിയൽ കാർഡ്, എൻട്രി പെർമിറ്റ്, യുഎസ് ഗ്രീൻ കാർഡ് തുടങ്ങി മറ്റു രേഖകളും റെട്രോ ചെക്ക് മെഷീൻവഴി പരിശോധിക്കാനാകും. കഴിഞ്ഞ വർഷം ആകെ 443 കേസുകൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.