യുഎഇയും കൊറിയയും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനായി ഇരുരാജ്യങ്ങളും തമ്മിൽ വിവിധ കരാറുകളിൽ ഒപ്പുവെച്ചു. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ദക്ഷിണ കൊറിയയിലെത്തിയ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കരാറുകളിൽ ഒപ്പുവെച്ചത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, നിക്ഷേപ മേഖലകളിലെ സഹകരണം ഉറപ്പുവരുത്തുന്നതിനായി വൻകിട കൊറിയൻ കമ്പനി പ്രതിനിധികളുമായും യുഎഇ പ്രസിഡന്റ് ചർച്ച നടത്തി. യുഎഇയിൽ കൊറിയ പുതിയതായി എട്ട് ബില്യൻ ഡോളറിലധികം നിക്ഷേപം നടത്തി. കൊറിയൻ പ്രസിഡന്റുമായി ഉഭയകക്ഷി വ്യാപാരം ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ ഷെയ്ഖ് മുഹമ്മദ് ചർച്ച നടത്തി.
കഴിഞ്ഞ വർഷം കൊറിയയും യുഎഇയുമായുള്ള എണ്ണയിതര വ്യാപാരം 19.4 ബില്യൻ ഡോളറിന് മുകളിലാണ്. ഉഭയകക്ഷി വ്യാപാരത്തിൽ വൻവർധന രൂപപ്പെട്ട സാഹചര്യത്തിലാണ് പ്രസിഡന്റിന്റെ കൊറിയൻ സന്ദർശനം എന്ന പ്രത്യേകത കൂടിയുണ്ട്. ബിസിനസ്, നിക്ഷേപ രംഗങ്ങളിൽ രൂപപ്പെടുത്തിയ പുതിയ കരാറുകൾ ഉഭയകക്ഷി ബന്ധം കൂടുതൽ മുന്നോട്ട് കൊണ്ടുപോകാൻ സഹായകമാകുമെന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.