യുഎഇയിൽ ഡെങ്കിപ്പനി പരത്തുന്ന കൊതുകുകളെ കണ്ടെത്തിയ 409 വെള്ളക്കെട്ടുള്ള സ്ഥലങ്ങൾ നീക്കം ചെയ്ത് യുഎഇ ആരോഗ്യ അധികൃതർ. ഏപ്രിൽ 16 ന് യുഎഇയിൽ പെയ്ത ശക്തമായ മഴയിൽ നിരവധി സ്ഥലങ്ങൾ വെള്ളത്തിനടിയിലായിരുന്നു. ഇതിന് ശേഷം ഡെങ്കിപ്പനിയെക്കുറിച്ചുള്ള ആശങ്കകൾ ഉയർന്നുവരുകയും ചെയ്തു. വെള്ളക്കെട്ടുകൾ രൂപപ്പെടുകയും പിന്നീട് അതിൽ ചിലത് കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങളായി മാറുകയും ചെയ്തു. അവയാണ് ഇപ്പോൾ നീക്കം ചെയ്തിരിക്കുന്നത്. ഈഡിസ് ഈജിപ്തി കൊതുകുകൾ പരത്തുന്ന ഒരു വൈറൽ അണുബാധയാണ് ഡെങ്കിപ്പനി.
ഇത് മാത്രമല്ല, യുഎഇയിൽ ഡെങ്കിപ്പനിക്കെതിരെ പോരാടുന്നതിന് നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രി അബ്ദുൾ റഹ്മാൻ ബിൻ മുഹമ്മദ് അൽ ഒവൈസ് പറഞ്ഞു. രാജ്യത്തുടനീളമുള്ള കൊതുക് പ്രജനന കേന്ദ്രങ്ങൾ കണ്ടുപിടിക്കാനും നീക്കം ചെയ്യുന്നതിനും തുടച്ചുനീക്കുന്നതിനും ആരോഗ്യ-പ്രതിരോധ മന്ത്രാലയം ഏറ്റവും പുതിയ ജിപിഎസ് സാങ്കേതികവിദ്യകൾ ആണ് ഉപയോഗിക്കുന്നത്.