രണ്ട് ലെജൻഡുകൾ തമ്മിൽ കണ്ടുമുട്ടിയ നിമിഷം ആഘോഷമാക്കുകയാണ് സോഷ്യൽ മീഡിയ. ഒരാൾ സിനിമയിൽ സൂപ്പർസ്റ്റാറിന്റെ കിരീടമണിഞ്ഞയാൾ. മറ്റൊരാളോ, മനുഷ്യമനസ്സുകൾ കീഴടക്കിയ വ്യവസായിയും. ആരാണെന്നറിയാനുള്ള ആകാംഷ അവസാനിപ്പിക്കാം. പ്രമുഖ വ്യവസായിയായ എം.എ. യൂസഫലിയുടെ വീട്ടിൽ അതിഥിയായി എത്തിയ സൂപ്പർസ്റ്റാർ രജനികാന്താണ് ഇപ്പോൾസോഷ്യൽ മീഡിയയിലെ വൈറൽ കോണ്ടന്റ്. അബുദാബിയിലെ യൂസഫലിയുടെ വീട്ടിലും അദ്ദേഹത്തിന്റെ ബിസിനസ് ആസ്ഥാനത്തും താരം സന്ദർശനം നടത്തിയത് കണ്ട് ആവേശം കൊള്ളുകയാണ് ആരാധകർ.
ലുലു ഗ്രൂപ്പ് ഇന്റർനാഷനലിന്റെ ഗ്ലോബല്‍ ഹെഡ് ക്വാർട്ടേഴ്സിലായിരുന്നു രജനികാന്ത് ആദ്യം എത്തിയത്. അവിടെ നിന്നും റോൾസ് റോയ്സിൽ കൂട്ടി സ്വയം ഡ്രൈവ് ചെയ്താണ് യൂസഫലി രജനികാന്തിനെ തന്റെ വീട്ടിലേക്കു സ്വീകരിച്ചത്. ഏറെ നേരം വീട്ടില്‍ ചിലവഴിച്ച ശേഷമായിരുന്നു താരം മടങ്ങിയത്. യൂസഫലിയെയും രജനികാന്തിനെയും ഒന്നിച്ച് കാണുമ്പോഴുള്ള കൗതുകം ആരാധകർ കമന്റുകളായി പങ്കുവയ്ക്കുകയാണ്.