ഈ ഡോക്ടർ കുപ്പായം ഒരു അമ്മയുടെ ത്യാഗത്തിന്റെയും കഷ്ടപ്പാടിന്റെയും വിലയാണ്. കൊല്ലം സ്വദേശിയായ അർജ്ജുനാണ് അമ്മയുടെ കഷ്ടപ്പാടിന് ഇടയിലൂടെ എംബിബിഎസ് കരസ്ഥമാക്കിയത്. സെയിൽസ് ജോലി ചെയ്യുന്ന അമ്മയുടെ മകൻ ഡോക്ടറായതിന്റെ സന്തോഷം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും പങ്കുവെച്ചു.
‘അർജുനേ, നീ ഉയർന്നു പറക്കുക, ആ ചിറകുകൾക്ക് ശക്തി പകരാൻ അമ്മയുണ്ടല്ലോ…’ എന്നെഴുതിയാണ് മന്ത്രി കുറിപ്പ് തുടങ്ങുന്നത്. മറ്റു കുട്ടികൾക്ക് അർജുൻ ഒരു മാതൃകയാണെന്നും മന്ത്രി പറയുന്നു. അർജുന്റെ പോസ്റ്റ് പങ്കുവെച്ചായിരുന്നു മന്ത്രിയുടെ കുറിപ്പ്. അർജുൻ പങ്കുവെച്ച കുറിപ്പ് ഉങ്ങനെയാണ്
ചുവന്ന കോട്ടും വെള്ള കോട്ടും…….കാഴ്ചയിൽ രണ്ടും തമ്മിൽ ഒരുപാട് വ്യതിയാനം ഉണ്ടായിരിക്കാം. പക്ഷേ ആ ചുവന്ന കോട്ട് അനുഭവിച്ച വേദനകളുടെയും ത്യാഗത്തിന്റെയും ഫലമാണ് ഈ വെള്ള കോട്ട്. തന്റെ ചോര നീരാക്കി ചുവന്ന കോട്ട് തന്ന വെണ്മയാണ് ഈ വെള്ള കോട്ട്. വർഷങ്ങൾ എത്ര കടന്നു പോയിട്ടും ചുവന്ന കോട്ട് എന്നും വെള്ള കോട്ടിനു വേണ്ടി താങ്ങായും തണലായും നിക്കുന്നു. ആളുകൾ എത്ര കളിയാക്കിയിട്ടും ചുവന്ന കോട്ട് തന്റെ വഴിയിൽ നിന്നും പിന്മാറിയില്ല വെള്ള കോട്ടിനായി ഓടിക്കൊണ്ടിരുന്നു.. ഇന്ന് ഈ വെള്ള കോട്ട് ജയിച്ചിരിക്കുന്നു അതിനു കാരണം ആ ചുവന്ന കോട്ട് മാത്രമാണ് .അതിന്റെ ക്രെഡിറ്റ് ഒരു ദൈവത്തിനും കൊടുക്കാൻ ഈ വെള്ള കോട്ട് തയ്യാറുമല്ല എന്നാണ് അർജുന്റെ പോസ്റ്റ്.