സന്ദർശകരുടെ പറുദീസയായ ദുബായ് ഗ്ലോബൽ വില്ലേജിന്റെ 28-ാം സീസണിന് വിട. മേഖലയിലെ ഏറ്റവും വലിയ കലാ സാംസ്കാരിക വിനോദ വാണിജ്യ മേളയായ ഗ്ലോബൽ വില്ലേജ് വീണ്ടും ചരിത്രം സൃഷ്ടിച്ചാണ് അവസാനിച്ചിരിക്കുന്നത്. ഇത്തവണ ഗ്ലോബൽ വില്ലേജ് സന്ദർശിക്കാനെത്തിയവരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവാണ് ഉണ്ടായിരിക്കുന്നത്.
10 ദശലക്ഷത്തിലധികം സന്ദർശകരാണ് ഗ്ലോബൽ വില്ലേജിലെത്തിയത്. 2023 ഒക്ടോബർ 18-നാണ് ഗ്ലോബൽ വില്ലേജിന്റെ പുതിയ സീസൺ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. ഏപ്രിൽ 28-ന് സമാപിക്കേണ്ടിയിരുന്ന ജനപ്രിയ ഫെസ്റ്റിവൽ സന്ദർശകരുടെ കുത്തൊഴുക്ക് കാരണം മെയ് 8 വരെ നീട്ടുകയായിരുന്നു. ദിവസത്തിൽ മാത്രമല്ല, പ്രവർത്തന സമയത്തിലും അധികൃതർ മാറ്റം വരുത്തിയിരുന്നു. ഇതോടെ സന്ദർശകരുടെ എണ്ണവും വർധിച്ചു.
250-ലധികം ഭക്ഷണശാലകൾ, 200 റൈഡുകളും, 27 പവലിയനുകളിൽ നിന്നുള്ള അതുല്യമായ ഷോപ്പിംഗ് അനുഭവങ്ങൾ, ഗെയിമുകൾ തുടങ്ങിയവ ഗ്ലോബൽ വില്ലേജിൽ സന്ദർശകർക്കായി ഒരുക്കിയിരുന്നു. ഇനി അടുത്ത വർഷത്തെ ഗ്ലോബൽ വില്ലേജിലെ ആഘോഷങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ജനങ്ങൾ.