യാത്രക്കാരെ പ്രതിസന്ധിയിലാക്കി വീണ്ടും സർവ്വീസ് റദ്ദാക്കി എയർ എന്ത്യ എക്സ്പ്രസ്. ഒരു വിഭാഗം കാബിൻ ക്രൂ അപ്രതീക്ഷിതമായി പണിമുടക്കിയതിന് പിന്നാലെയാണ് ഇന്ന് എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ റദ്ദാക്കിയത്. കണ്ണൂരിൽ നിന്നുള്ള അഞ്ച് വിമാനങ്ങളും നെടുമ്പാശേരിയിൽ നിന്നുള്ള രണ്ട് വിമാനങ്ങളുമാണ് ഇന്ന് റദ്ദാക്കിയത്.
കണ്ണൂരിൽ നിന്ന് ഷാർജ, ദമാം, ദുബായ്, റിയാദ്, അബുദാബി വിമാനങ്ങളാണ് റദ്ദാക്കിയത്. നെടുമ്പാശേരിയിൽ നിന്നുള്ള ദമാം, മസ്കത്ത് വിമാനങ്ങളും റദ്ദാക്കി. അതേസമയം, രോഗവുമായി ബന്ധപ്പെട്ട് അവധി എടുത്ത കാബിൻ ക്രൂ അംഗങ്ങൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകി ജോലിയിൽ പ്രവേശിച്ചു തുടങ്ങിയിട്ടുണ്ട്. ജീവനക്കാർ തിരിച്ചെത്തിയാലും വിമാന സർവീസുകളെല്ലാം സാധാരണ സ്ഥിതിയിലാകാൻ തിങ്കളാഴ്ചയാകുമെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ ദിവസമാണ് എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരം പിൻവലിച്ചത്. എയർ ഇന്ത്യ എക്സ്പ്രസ് മാനേജ്മെന്റും ജീവനക്കാരും തമ്മിൽ ഒത്തുതീർപ്പിലെത്തിയതോടെയാണ് സമരം അവസാനിപ്പിച്ചത്. പിരിച്ചുവിട്ട എല്ലാവരെയും തിരിച്ചെടുക്കാമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് തൊഴിലാളി യൂണിയന് ഉറപ്പ് നൽകിയിരുന്നു. ജീവനക്കാർ ഉയർത്തിയ പ്രശ്നങ്ങൾ പരിശോധിക്കുമെന്നും കമ്പനി ഉറപ്പുനൽകി. ഇതോടെ സമരം പിൻവലിക്കാമെന്ന് തൊഴിലാളി യൂണിയനും അറിയിക്കുകയായിരുന്നു.