യുഎഇയിൽ മഴയുടെ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ യാത്രക്കാർക്ക് നിർദേശവുമായി എത്തിയിരിക്കുകയാണ് വിമാനത്താവള അധികൃതരും വിവിധ വിമാന കമ്പനികളും. ദുബായ് വിമാനത്താവളം അധികൃതരും രണ്ട് പ്രാദേശിക എയർലൈനുകളുമാണ് മുന്നറിയിപ്പ് നൽകുന്നത്.
അസ്ഥിരമായ കാലാവസ്ഥയായതിനാൽ വിമാനത്താവളത്തിലേക്ക് പോകുമ്പോൾ മഴയും ട്രാഫിക്കും കാരണം കാലതാമസം നേരിടാൻ സാധ്യതയുണ്ടെന്നും അതിനാൽ കൃത്യസമയത്ത് വിമാനത്താവളത്തിലെത്താൻ നേരത്തെ യാത്ര പുറപ്പെടണമെന്നും നിർദേശത്തിലുണ്ട്. കൂടാതെ റോഡിലെ തിരക്ക് മൂലമുണ്ടാകുന്ന കാലതാമസം ഒഴിവാക്കാൻ തത്സമയ ട്രാഫിക് അപ്‌ഡേറ്റുകൾക്കും ഇതര റൂട്ടുകൾക്കുമായി സ്മാർട്ട് ആപ്പുകൾ ഉപയോഗിക്കണമെന്നും DXB ടെർമിനലുകൾ 1, 3 എന്നിവയിൽ എത്താൻ ദുബായ് മെട്രോ ഉപയോഗിക്കുന്നത് പരിഗണിക്കണമെന്നും ദുബായ് എയർപോർട്ട് അധികൃതർ വ്യക്തമാക്കി.
അതോടൊപ്പം യാത്രക്കാർ അവരുടെ എയർലൈനുകളുടെ സ്റ്റാറ്റസ് യാത്രയ്ക്ക് പുറപ്പെടുന്നതിന് മുമ്പ് മുതൽ ഇടയ്ക്കിടെ പരിശോധിക്കണമെന്നും അവരുടെ ഫ്ലൈറ്റ് സംബന്ധിച്ച ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി എയർലൈനിൻ്റെ വെബ്‌സൈറ്റിലെ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാനും അധികൃതർ നിർദേശിച്ചു.