ആദ്യമായി സംഘടിപ്പിക്കപ്പെടുന്ന ജി.സി.സി യൂത്ത് ഗെയിംസിൽ മെഡലുകൾ വാരിക്കൂട്ടി ഒമാൻ. യുഎഇയിൽ തിങ്കളാഴ്ച നടന്ന മത്സരങ്ങളിൽ രണ്ട് സ്വർണവും രണ്ട് വെള്ളിയും നാല് വെങ്കലവും ഉൾപ്പെടെ എട്ട് മെഡലുകളാണ് ഒമാൻ സ്വന്തമാക്കിയത്. ഇതോടെ ഒമാന്റെ മെഡൽ നേട്ടം 59 ആയി ഉയർന്നു.
16 സ്വർണവും 12 വെള്ളിയും 25 വെങ്കലവുമടക്കം 53 മെഡലുകളാണ് സാധാരണ ഇനങ്ങളിൽ മത്സരിച്ച ഒമാന്റെ കായികതാരങ്ങൾ നേടിയത്. പാരാ അത്ലറ്റുകൾ ആറ് മെഡലുകളും സ്വന്തമാക്കിയിരുന്നു. തിങ്കളാഴ്ച ലഭിച്ച എട്ട് മെഡലുകളിൽ കൂടുതലും ഫെൻസിങിലാണ്. ഫെൻസിങ്ങിലെ ആൺകുട്ടികളും പെൺകുട്ടികളും രണ്ട് സ്വർണവും രണ്ട് വെള്ളിയും രണ്ട് വെങ്കലവും വീതം ആറ് മെഡലുകൾ നേടിയപ്പോൾ 100 മീറ്റർ ഫ്രീസ്‌റ്റൈലും 200 മീറ്റർ ബാക്ക്സ്ട്രോലും രാജ്യം വെങ്കല മെഡലും കരസ്ഥമാക്കി.
നിലവിൽ മെഡൽ നേട്ടത്തിൽ മുൻപന്തിയിൽ സൗദി ആറേബ്യയാണ്. മെയ് രണ്ടിനാണ് ജി.സി.സി ഗെയിംസ് അവസാനിക്കുന്നത്.