യുഎഇയിൽ ദിവസങ്ങൾക്ക് മുമ്പ് തകർത്തുപെയ്ത മഴയിൽ നിരവധി നാശനഷ്ടങ്ങളാണ് സംഭവിച്ചത്. മഴയുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ വൃത്തിഹീനമാകുകയും ചെയ്തിരുന്നു. ഇതോടെ നിരവധി പേരാണ് ദുബായിയുടെ വിവിധ ഭാഗങ്ങൾ വൃത്തിയാക്കാനായി ഇറങ്ങിത്തിരിച്ചത്. അക്കൂട്ടത്തിൽ എല്ലാവരെയും അത്ഭുതപ്പെടുത്തി ചെറിയ കുട്ടികളുമുണ്ടായിരുന്നു.
കുഞ്ഞിളം കൈകളാൽ തങ്ങളുടെ നാടിന് വേണ്ടി സാധിക്കുന്ന സഹായം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കുട്ടികൾ ശുചീകരണത്തിനായി ഇറങ്ങിത്തിരിച്ചത്. ഇതോടെ കുട്ടികളുടെ നല്ല മനസിനെ നേരിട്ട് കണ്ട് അഭിനന്ദിക്കാൻ തന്നെ ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തീരുമാനിച്ചിരുന്നു. ഒട്ടും വൈകാതെ അദ്ദേഹം കുട്ടികളെ കാണാനുമെത്തി.
രാജ്യത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ പങ്കാളിത്തം വഹിക്കുന്നതിലൂടെ കുട്ടികളിൽ അവരുടെ മാതൃരാജ്യത്തോടുള്ള സ്നേഹം വളർത്തുകയും മറ്റുള്ളവരെ സ്നേഹിക്കാൻ പഠിപ്പിക്കുകയുമാണ് ചെയ്യുന്നതെന്ന് ഷെയ്ഖ് ഹംദാൻ വ്യക്തമാക്കി. രാജ്യത്തിൻ്റെ പൗരനെന്ന നിലയിൽ തങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റാനുള്ള കുട്ടികളുടെ താത്പര്യത്തെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. കുട്ടികളോടൊപ്പം സമയം ചിലവഴിച്ചതോടൊപ്പം അവർ ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന്റെ ചിത്രങ്ങളും അദ്ദേഹം കൗതുകത്തോടെ നോക്കിക്കണ്ടു.