ആഭ്യന്തര ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലം ഇരട്ടിയാക്കുന്ന കാര്യം പരിഗണിക്കാനൊരുങ്ങി ബിസിസിഐ. രഞ്ജി ട്രോഫിയിൽ പങ്കെടുക്കാൻ ആഭ്യന്തര താരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ഐപിഎല്ലിൽ പങ്കെടുക്കാത്ത ആഭ്യന്തര താരങ്ങളുടെ വരുമാനം കൂട്ടുന്നതിനും വേണ്ടിയാണ് പുതിയ തീരുമാനം. ഇക്കാര്യം നടപ്പിലാക്കുന്നത് സംബന്ധിച്ച നടപടികൾക്കായി അജിത്ത് അഗാർക്കറുടെ നേതൃത്വത്തിലുള്ള ദേശീയ സെലക്ഷൻ കമ്മിറ്റിയെ ചുമതലപ്പെടുത്തിയതായാണ് റിപ്പോർട്ട്.
ഒരു കളിക്കാരൻ 10 രഞ്ജി ട്രോഫി മത്സരങ്ങൾ കളിക്കുകയാണെങ്കിൽ അയാളുടെ പ്രതിഫലം 75 ലക്ഷം മുതൽ ഒരു കോടി രൂപവരെ വർധിപ്പിക്കുന്ന കാര്യമാണ് ഇപ്പോൾ ബിസിസിഐ പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ട്. നിലവിൽ 40-ലധികം രഞ്ജി മത്സരങ്ങൾ കളിച്ചിട്ടുള്ള ഒരു താരത്തിന് പ്രതിദിനം 60,000 രൂപയാണ് ബിസിസിഐ പ്രതിഫലം നൽകുന്നത്. 21 മുതൽ 40 മത്സരങ്ങൾ വരെ കളിച്ച താരങ്ങൾക്ക് ദിവസേന 50,000 രൂപ വീതവും 20 മത്സരങ്ങൾ വരെ കളിച്ച താരങ്ങൾക്ക് 40,000 രൂപ വീതവുമാണ് നൽകിവരുന്നത്.
ഈ കണക്കുകൾ പ്രകാരം ടീം ഫൈനലിലെത്തിയാൽ ഒരു സീനിയർ കളിക്കാരന് 25 ലക്ഷം രൂപ വരെ നേടാനും സാധിക്കും. ടീമിലെ മറ്റ് താരങ്ങൾക്ക് 17 മുതൽ 22 ലക്ഷം രൂപ വരെയും സമ്പാദിക്കാൻ കഴിയും. വിജയ് ഹസാരെ, മുഷ്താഖ് അലി തുടങ്ങിയ ആഭ്യന്തര വൈറ്റ് ബോൾ ടൂർണമെന്റുകളിൽ കളിക്കുന്നതിലൂടെയും ഇനി കളിക്കാർക്ക് കൂടുതൽ പ്രതിഫലം നേടാൻ സാധിക്കും. ബിസിസിഐ ഇക്കാര്യം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അടുത്ത സീസൺ മുതൽ മാറ്റങ്ങൾ നിലവിൽ വരുമെന്നാണ് റിപ്പോർട്ട്.