വളരെ ചർച്ചകൾക്ക് വിഷയമായ നവകേരള ബസ് നിരത്തുകൾ കീഴടക്കാനെത്തുന്നു. ബസ് മ്യൂസിയത്തിൽ വെയ്ക്കുന്നു, വാടകയ്ക്ക് നൽകുന്നു തുടങ്ങിയ വാർത്തകൾ പ്രചരിക്കുന്നതിന് പിന്നാലെയാണ് ബസ് സംസ്ഥാനാന്തര സർവ്വീസിനായി ഉപയോഗിക്കാൻ അധികൃതർ തീരുമാനിച്ചത്. കോഴിക്കോട് – ബംഗളൂരു റൂട്ടിൽ ബസ് സർവീസ് നടത്തുമെന്നാണ് മന്ത്രി കെ.ബി. ഗണേഷ്കുമാർ വ്യക്തമാക്കിയത്.
ബസ് വാങ്ങാൻ ചെലവായ പണം കുറച്ചെങ്കിലും തിരിച്ചുപിടിക്കാൻ ഈ സർവീസിന് സാധിക്കുമെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്. ഇതിനായി ബസ് കോൺട്രാക്ട് കാര്യേജിൽ നിന്ന് മാറ്റി സർവീസ് നടത്തുന്നതിനുള്ള സ്റ്റേജ് കാര്യേജ് ലൈസൻസ് എടുക്കുന്നതിനായി ബസ് ബംഗളൂരുവിൽ നിന്ന് മൂന്നാഴ്ച മുമ്പ് തിരുവനന്തപുരത്ത് എത്തിച്ചെങ്കിലും നടപടിക്രമങ്ങൾ ഇതുവരെ പൂർത്തിയായിട്ടില്ല.
സംസ്ഥാനാന്തര സർവ്വീസ് നടത്തുന്നതിനായി ബസിൽ ചില മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. ബസിൽ മുഖ്യമന്ത്രിയിരുന്ന റിവോൾവിങ് ചെയറും മന്ത്രിമാരുടെ ഇരിപ്പിടങ്ങളും മാറ്റി പകരം 25 പുഷ്ബാക് സീറ്റുകളാണ് ഘടിപ്പിച്ചത്. കൂടാതെ കണ്ടക്ടർക്കായി മറ്റൊരു സീറ്റും കൂട്ടിച്ചേർത്തിട്ടുണ്ട്. ശുചിമുറിയും ഹൈഡ്രോളിക് ലിഫ്റ്റും വാഷ് ബെയ്സിനും ടിവിയും മ്യൂസിക് സിസ്റ്റവുമെല്ലാം നിലനിർത്തിയിട്ടുമുണ്ട്. ബസിൽ ഇത്രയും മാറ്റങ്ങൾ വരുത്തുന്നതിനായി രണ്ട് ലക്ഷം രൂപയാണ് വീണ്ടും ചെലവഴിച്ചിരിക്കുന്നത്. 1.15 കോടി രൂപ ചെലവിട്ടാണ് സർക്കാർ നവകേരള യാത്രയ്ക്കായി ബസ് വാങ്ങിയത്.