കേന്ദ്രസർക്കാർ നടപ്പിലാക്കി വരുന്ന കാവിവൽക്കരണത്തിൽ മുങ്ങി ദൂരദർശൻ. ദൂരദർശന്റെ ലോഗോ കാവി നിറത്തിലാക്കിയിരിക്കുകയാണിപ്പോൾ പ്രസാർഭാരതി. മഞ്ഞയും നീലയും നിറമായിരുന്നു ഇതുവരെയുള്ള ലോഗോയ്ക്ക് ഉണ്ടായിരുന്നത്. ദൂരദര്‍ശൻ ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയിലാണ് ഈ നിറംമാറ്റം വന്നിരിക്കുന്നത്. പുതിയ നിറത്തിലുള്ള ലോഗോ കഴിഞ്ഞ ദിവസം മുതൽക്കേ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു. വിവാദ സിനിമ ‘ദ കേരള സ്റ്റോറി’ സംപ്രേഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ടും ദൂരദര്‍ശനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയർന്നിരുന്നത്.
അതേസമയം, മോദി സർക്കാറിന് അനുകൂലമായ വാര്‍ത്തകളും പരിപാടികളും മാത്രമാണ് ദൂരദർശൻ സംപ്രേഷണം ചെയ്യുന്നതെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണം നിലനില്‍ക്കെയാണ് ലോഗോയുടെ നിറത്തിലും മാറ്റം വരുന്നത്. മുൻപ് നരേന്ദ്ര മോദിയും മൈക്രോസോഫ്റ്റ് സ്ഥാപകൻ ബില്‍ ഗേറ്റ്സും തമ്മിലുള്ള അഭിമുഖം സംപ്രേഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ടും ദൂരദര്‍ശൻ വിവാദത്തിലായിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാകുമെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധം ഉയര്‍ന്നതോടെയായിരുന്നു അഭിമുഖം സംപ്രേഷണം ചെയ്യാൻ പ്രസാര്‍ഭാരതിക്ക് അനുവാദം കിട്ടാതിരുന്നത്.
ലോഗോയില്‍ മാത്രമല്ല ചാനലിന്റെ സ്‌ക്രീനിങ് നിറവും ഇപ്പോൾ കാവിയാക്കിയിരിക്കുകയാണ്. ഈ മാറ്റത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ വിമര്‍ശനങ്ങളും ഉയർന്ന് വരുന്നുണ്ട്. ലോഗോ മാറ്റിയത് സംഘപരിവാറിനുവേണ്ടിയാണെന്നും ഡിഡി ന്യൂസ് എന്ന പേരുമാറ്റി ബി.ജെ.പി ന്യൂസ് എന്നാക്കിക്കൂടെയെന്നാണ് വിമർശനങ്ങൾ ഉയരുന്നത്.