യാത്രക്കാരുടെ എണ്ണത്തിൽ മുൻപന്തിയിലെത്തി ഇത്തിഹാദ് എയർലൈൻസ്. കഴിഞ്ഞ വർഷം ഇത്തിഹാദ് എയർലൈൻസിൽ യാത്ര ചെയ്തത് 1.4 കോടി യാത്രക്കാരാണെന്നാണ് റിപ്പോർട്ട്. മുൻ വർഷത്തേതിനേക്കാൾ 40 ശതമാനം യാത്രക്കാരുടെ എണ്ണത്തിലാണ് വർധനവുണ്ടായിരിക്കുന്നത്.
15 പുതിയ സർവീസുകൾ ആരംഭിച്ചതോടെ ഇത്തിഹാദിൻ്റെ ജനപ്രീതി കൂടുതൽ വർധിച്ചു എന്നുവേണം പറയാൻ. സർവീസ് വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയതായി 30 വിമാനങ്ങൾ എയർലൈൻസ് സ്വന്തമാക്കിയിരുന്നു. ഈ വർഷം യാത്രക്കാരുടെ എണ്ണം ക്രമാതീതമായി വർധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
ഇത്തിഹാദ്, എയർ അറേബ്യ, വിസ് എന്നീ വിമാനങ്ങളിൽ കഴിഞ്ഞ വർഷം യാത്ര ചെയ്തത് 1.9 കോടി പേരാണ്. ലോകത്തിലെ 140 വിമാനത്താവളങ്ങളിലേക്കാണ് ഈ മൂന്ന് എയർലൈനുകളും സർവീസ് നടത്തിയത്. 20 ലക്ഷം പേരാണ് എയർ അറേബ്യയിൽ കഴിഞ്ഞ വർഷം യാത്ര ചെയ്തിരിക്കുന്നത്. 28 വിമാനത്താവളങ്ങളിലേക്കാണ് എയർ അറേബ്യ സർവീസ് നടത്തിയത്. 30 ലക്ഷം പേരാണ് വിസ് എയറിൽ യാത്ര ചെയ്തത്. ഈ വർഷം യാത്രക്കാരുടെ എണ്ണം 40 ലക്ഷം ആയി വർധിക്കുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതർ വ്യക്തമാക്കി.