യുഎഇയിൽ അതിവേഗം കുതിച്ചുയർന്നുകൊണ്ടിരുന്ന സ്വർണ്ണ വിലയിൽ നേരിയ കുറവ്. ഇന്ന് ഗ്രാമിന് 1 ദിർഹമാണ് കുറഞ്ഞത്. സർവ്വകാല റെക്കോർഡിലെത്തിയ സ്വർണ്ണ വിലയിലാണ് ഇന്ന് ചെറിയ കുറവുണ്ടായിരിക്കുന്നത്. 24 കാരറ്റ് സ്വർണ്ണത്തിന് ഇന്ന് 275.75 ദിർഹമാണ് വിപണിയിലെ വില.
22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 255.25 ദിർഹം, 21 കാരറ്റിന് 247.25 ദിർഹം, 18 കാരറ്റിന് 212 ദിർഹം എന്നിങ്ങനെയാണ് വില. ഇന്നലെ 24 കാരറ്റിന് ഗ്രാമിന് 276.75 ദിർഹമായിരുന്നതാണ് ഇന്ന് 1 ദിർഹം കുറഞ്ഞ് 275.75 ദിർഹമായത്. ആഗോളതലത്തിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 2,279.77 ഡോളറാണ് വില. ഇന്നലെ ഔൺസിന് 2,300 ഡോളറിലെത്തിയ വിലയാണ് ഇന്ന് കുറഞ്ഞത്. ഏപ്രിലിൽ സ്വർണവില ഔൺസിന് 2,140 ഡോളറിനും 2,200 ഡോളറിനും ഇടയിലായിരിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി സ്വർണ്ണവില രാജ്യത്ത് വർധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച 24 കാരറ്റ് സ്വർണ്ണത്തിന് 273.75 ദിർഹമായിരുന്നു വില. 22 കാരറ്റിന് ഗ്രാമിന് 253.5, 21 കാരറ്റിന് 245.25 ദിർഹം, 18 കാരറ്റിന് 210.25 ദിർഹം എന്നിങ്ങനെയായാരുന്നു മാർക്കറ്റിലെ വില. ആ വിലയാണ് വീണ്ടും ഉയർന്ന ശേഷം ഇപ്പോൾ കുറഞ്ഞിരിക്കുന്നത്.