ദുബായിൽ സ്വകാര്യ സ്‌കൂളുകൾക്ക് ഫീസ് വർധിപ്പിക്കാൻ അനുമതി നൽകിയതോടെ ആശങ്കാകുലരായിരിക്കുകയാണ് രക്ഷിതാക്കൾ. അപ്രതീക്ഷിതമായ സ്കൂൾ ഫീസ് വർധനവ് മൂലം ജീവിത ചെലവുകൾ വർധിക്കുമെങ്കിലും ശമ്പളം വർധിക്കാത്തതാണ് പലരെയും ദുരിതത്തിലാക്കുന്നത്. വരവിന് അതീതമായ ചെലവുകൾ വർധിക്കുമ്പോൾ മുന്നോട്ടുള്ള ജീവിതം എങ്ങനെയാകുമെന്നാണ് രക്ഷിതാക്കളുടെ ചിന്ത.
ജീവിത ചെലവുകൾക്കായി തുക മാറ്റി വയ്ക്കുമ്പോൾ ഇനി കൂടുതൽ തുകയും മാറ്റിവയ്ക്കേണ്ടി കുട്ടികളുടെ ഫീസിനായിരിക്കും. ദുബായിലെ സ്വകാര്യ സ്‌കൂളുകൾക്ക് 5.2 ശതമാനം വരെ ഫീസ് വർധിപ്പിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. പരിശോധനയിൽ മികച്ച നിലവാരം പുലർത്തിയ സ്കൂളുകൾക്കാണ് ഫീസ് 5.2 ശതമാനം വരെ വർദ്ധിപ്പിക്കാൻ സാധിക്കുക. റേറ്റിംഗ് കുറഞ്ഞ സ്‌കൂളുകൾക്ക് ഫീസ് വർദ്ധനവിന് അപേക്ഷിക്കാൻ അർഹതയുണ്ടാകില്ലെന്നാണ് റിപ്പോർട്ട്. എന്നിരുന്നാലും തങ്ങളുടെ മക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകണമെന്നതിനാൽ നിലവാരം കുറഞ്ഞ സ്കൂളിൽ ചേർക്കാനും സാധിക്കാത്ത അവസ്ഥയിലാണ് രക്ഷിതാക്കൾ.
മികച്ച ജീവിത നിലവാരം നൽകുന്നതുകൊണ്ടുതന്നെ ദുബായിൽ ജീവിത ചെലവുകൾ അടിക്കടി വർധിച്ചുവരികയാണ്. എന്നാൽ ചെലവിന് അനുസരിച്ച് ശമ്പള വർധനവ് ലഭിക്കാത്തതാണ് പലരെയും ആശങ്കപ്പെടുത്തുന്നത്. സ്കൂൾ ഫീസ് വർധനവിന് പിന്നാലെ മറ്റെന്തെല്ലാം ചെലവുകളാണ് ഇനി വർധിക്കുക എന്ന ആലോചനയിലാണ് രക്ഷിതാക്കൾ.