മുന്‍ ഉപപ്രധാനമന്ത്രിയും ബി.ജെ.പിയുടെ സ്ഥാപക നേതാക്കളിൽ ഒരാളുമായ എല്‍.കെ. അദ്വാനിക്ക് രാഷ്ട്രപതി ദ്രൗപദി മുര്‍മു ഭാരതരത്‌ന സമ്മാനിച്ചു. അദ്വാനിയുടെ ഡല്‍ഹിയിലെ സ്വവസതിയില്‍ വെച്ചാണ് രാഷ്ട്രപതി അദ്ദേഹത്തിന് ഭാരതരത്ന സമ്മാനിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് വീട്ടിലെത്തി ഭാരതരത്ന നൽകിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ചടങ്ങില്‍ പങ്കെടുത്തു.
എൽ. കെ അദ്വാനിക്ക് ഭാരതരത്‌ന സമ്മാനിക്കുന്ന ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷം ഉണ്ട്. നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്ക് അദ്ദേഹം നല്‍കിയ സംഭാവനകള്‍ക്കുള്ള അംഗീകാരമാണ് അദ്ദേഹത്തിനുള്ള ഈ ബഹുമതി. പൊതുപ്രവര്‍ത്തനത്തോടുള്ള അദ്ദേഹത്തിന്റെ സമര്‍പ്പണവും ആധുനിക ഇന്ത്യയെ വാര്‍ത്തെടുക്കുന്നതില്‍ അദ്ദേഹം വഹിച്ച സ്തുത്യര്‍ഹമായ പങ്കും ചരിത്രത്തില്‍ മായ്ക്കാനാവാത്ത മുദ്രയായി രേഖപ്പെടുത്തിയിട്ടുള്ള കാര്യമാണ്. കഴിഞ്ഞ കുറച്ച് പതിറ്റാണ്ടുകളായി അദ്ദേഹത്തിന്റെ കൂടെ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതില്‍ അഭിമാനമുണ്ട് – പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു
അടല്‍ ബിഹാര്‍ വാജ്‌പേയി സര്‍ക്കാരില്‍ ഉപപ്രധാനമന്ത്രിയായിരുന്നു എൽ. കെ അദ്വാനി. 2002 മുതല്‍ 2004 വരെയായിരുന്നു അദ്ദേഹം ഇന്ത്യയുടെ ഏഴാമത്തെ ഉപപ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുള്ളത്. ആഭ്യന്തര വകുപ്പടക്കം നിരവധി മന്ത്രാലയങ്ങളുടെ ചുമതലയും അദ്ദേഹം വഹിച്ചിട്ടുണ്ട്. കൂടാതെ, 1970 മുതല്‍ 2019 വരെയുള്ള കാലയളവില്‍ രാജ്യസഭയിലും ലോക്‌സഭയിലുമായി പാര്‍ലമെന്റ് അംഗമായിരുന്നു അദ്വാനി.