ആടുജീവിതം കണ്ട് മനസ്സു നിറഞ്ഞ് സുപ്രിയ മേനോൻ. വീട്ടിൽ ചെന്ന് പൃഥ്വിയെ കെട്ടിപിടിക്കണം എന്ന് പറഞ്ഞാണ് സുപ്രിയ തിയേറ്ററിൽ നിന്ന് ഇറങ്ങിയത്. ആടുജീവിതത്തിന്റെ റിലീസിന് മുന്നോടിയായി പൃഥ്വിരാജിന് വൈകാരികമായ വിജയാശംസയുമായി ഭാര്യ സുപ്രിയ മേനോൻ രംഗത്ത് വന്നിരുന്നു.
ആടുജീവിതത്തിനൊപ്പം പൃഥ്വിരാജ് കടന്നുപോയ പതിനാറു വർഷത്തെ എങ്ങനെ വിശേഷിപ്പിക്കണമെന്നറിയില്ലെന്നാണ് സുപ്രിയ മേനോൻ പറഞ്ഞത്. മരുഭൂമിയിൽ അലയുന്ന നജീബിന്റെ ശരീരത്തിലേക്ക് കൂടുമാറാൻ ഭ്രാന്തമായ ഉപവാസങ്ങളിലൂടെ കടന്നുപോകുമ്പോൾ സ്വന്തം ഭർത്താവ് വിശപ്പുകൊണ്ട് ക്ഷീണിതനാവുകയും ശരീരഭാരം കുറയുകയും ചെയ്യുന്നത് നേരിട്ട് കണ്ട വിഷമവും സുപ്രിയ പങ്കുവെച്ചിരുന്നു. ഈ ഒരു സിനിമയ്ക്ക് വേണ്ടി മറ്റു ഭാഷകളിലെ നിരവധി അവസരങ്ങൾ ഉപേക്ഷിക്കുകയും ഒരു മനുഷ്യന്റെ ദുരിതജീവിതം സ്ക്രീനിലെത്തിക്കാനുള്ള അതികഠിനമായ പരിശ്രമങ്ങളിലൂടെ കടന്നുപോവുകയും ചെയ്ത പൃഥ്വിരാജ് എന്നെന്നും തന്റെ കണ്ണിൽ ‘ഗോട്ട്’ ആയിരുന്നു എന്ന് സുപ്രിയ പറയുന്നു.
ഷൂട്ടിങ്ങിനിടെ ശരീരഭാരം കുറച്ച് ക്ഷീണിതനായിരിക്കുന്ന പൃഥ്വിരാജിനെ സുപ്രിയയും മകൾ അലംകൃതയും സന്ദർശിച്ചപ്പോഴെടുത്ത ചിത്രങ്ങൾക്കൊപ്പമായിരുന്നു സുപ്രിയമേനോന്റെ കുറിപ്പ്.