കുറച്ച് ദിവസങ്ങളായി കലാമണ്ഡലവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവാദങ്ങളോട് പ്രതികരിച്ച് ചാൻസലർ മല്ലിക സാരാഭായി. കലാമണ്ഡലത്തില്‍ ആണ്‍കുട്ടികള്‍ക്ക് മോഹിനിയാട്ടം പഠിക്കാന്‍ അവസരമില്ലാത്ത വിഷയത്തില്‍ മാറ്റത്തിന് നിഷ്‌കര്‍ഷിക്കുമെന്നാണ് മല്ലിക സാരാഭായി വ്യക്തമാക്കിയത്. ഇതോടെ കേരള കലാമണ്ഡലത്തിൽ മോഹിനിയാട്ടം പഠിക്കാൻ ആൺകുട്ടികൾക്കും അവസരമൊരുങ്ങുന്നു എന്ന സൂചനയാണ് ഉയരുന്നത്.
എല്ലാ തരത്തിലുള്ള ലിംഗ, വര്‍ഗ്ഗ, മതം മാനദണ്ഡങ്ങളെ മറികടക്കാൻ കലാമണ്ഡലം ശ്രമിക്കുകയാണെന്നും മല്ലിക സാരാഭായി പറഞ്ഞു. “കലാമണ്ഡലത്തിലെ എല്ലാ അധ്യാപനങ്ങളും ജാതിയുടെയോ മതത്തിന്റെയോ അതിരുകളില്ലാത്തതായിരിക്കണം. വിസിയോടും രജിസ്ട്രാറോടും ഞാൻ എന്റെ കാഴ്ചപ്പാട് വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്, അവർ രണ്ടുപേരും എന്നോട് യോജിക്കുകയും എല്ലാവരേയും ഞങ്ങളോടൊപ്പം കൊണ്ടുപോകാൻ ചർച്ചകളും നടക്കുന്നുണ്ട്.
നേരത്തെ ഒരു മുസ്ലീം പെൺകുട്ടി കഥകളിയിൽ എത്തിയിട്ടുണ്ട്. അത് സാവധാനത്തിലാണെങ്കിലും സംഭവിക്കുന്നു. മാറുന്ന കാലത്തെ, കലാമണ്ഡലവും അഭിസംബോധന ചെയ്യും. ജെൻട്രൽ ന്യൂട്രലായ അക്കാദമിക സ്ഥാപനമായി കലാമണ്ഡലം നിലനിൽക്കാനാണ് ആഗ്രഹം. അതിനാൽ ആൺകുട്ടികൾക്കും പ്രവേശനം അനുവദിക്കുമെന്നും” എന്നാണ് മല്ലിക സാരാഭായി വ്യക്തമാക്കിയത്.
മോഹിനിയാട്ടം നർത്തകൻ ആർഎൽവി രാമകൃഷ്ണന് കൂത്തമ്പലത്തിൽ അവസരം ഒരുങ്ങിയതിന് തൊട്ടടുത്ത ദിവസം തന്നെയാണ് ഇങ്ങനെയൊരു ചരിത്ര തീരുമാനത്തിലേക്ക് കലാമണ്ഡലം എത്തുന്നത്. ഇത് കലാമണ്ഡലത്തിൽ മോഹിനിയാട്ടം പഠിക്കാൻ ആഗ്രഹിക്കുന്ന ആൺകുട്ടികൾക്ക് ആശ്വാസമാകുന്ന വാർത്ത തന്നെയാണ്.