പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം അഭിനയ രംഗത്തേയ്ക്ക് മടങ്ങിവന്ന വാണി വിശ്വനാഥ് മലയാള സിനിമയിൽ സജീവമാകാനൊരുങ്ങുന്നു. ആഷിഖ് അബുവിന്റെ ‘റൈഫിൾ ക്ലബ്ബ്’ എന്ന ചിത്രത്തിലൂടെയാണ് താരം വീണ്ടും മലയാളി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. വാണി വിശ്വനാഥ്, ദിലീഷ് പോത്തൻ, അനുരാഗ് കശ്യപ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.
അനുരാഗ് കശ്യപിൻ്റെ ആദ്യ മലയാള ചിത്രം കൂടിയാണ് റൈഫിൾ ക്ലബ്ബ്. വിൻസി അലോഷ്യസ്, വിഷ്ണു അഗസ്ത്യ, സുരഭി ലക്ഷ്മി, റംസാൻ, ഉണ്ണിമായ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. ആഷിഖ് അബു തന്നെയാണ് ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിർവഹിക്കുന്നത്. ഈ വർഷം ഓണം റിലീസായാണ് സിനിമ തിയേറ്ററുകളിലെത്തുക. ശ്യാം പുഷ്കരൻ – ദിലീഷ് കരുണാകരൻ, ഷറഫു – സുഹാസ് കൂട്ടുകെട്ടിലാണ് ചിത്രത്തിൻ്റെ തിരക്കഥയൊരുങ്ങുന്നത്.
ജോ ജോർജ് സംവിധാനം ചെയ്ത ആസാദി എന്ന ചിത്രത്തിലൂടെയാണ് 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം വാണി വിശ്വനാഥ് മലയാള സിനിമയിലേയ്ക്ക് തിരിച്ചുവന്നത്. ഒരുകാലത്ത് സ്റ്റ്ണ്ട് സീനുകളിൽ നിറഞ്ഞുനിന്നിരുന്ന നായിക കഥാപാത്രമായ വാണി വിശ്വനാഥിനെ ഇന്നും അതേ ആരാധനയോടെയാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.