യുഎഇയിലുടനീളമുള്ള വാഹനമോടിക്കുന്നവർക്ക് ഇഫ്താർ കിറ്റുകൾ വിതരണം ചെയ്യാൻ ഒരുങ്ങി ദുബായ് ആസ്ഥാനമായുള്ള ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ. ദുബായ് പോലീസുമായി സഹകരിച്ചാണ് ഇവർ പ്രവർത്തിക്കുന്നത്.
ദിവസവും നോമ്പ് തുറക്കുന്ന സമയത്ത് ട്രാഫിക്കിൽ കുടുങ്ങിക്കിടക്കുന്ന വ്യക്തികൾക്ക് അവശ്യ ഇഫ്താർ കിറ്റുകൾ നൽകാനാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ദുബായ്, അബുദാബി, റാസൽഖൈമ, അജ്‌മാൻ എന്നിവിടങ്ങളിലെ 13 സ്ഥലങ്ങളിൽ ആസ്റ്റർ വോളണ്ടിയർമാരും കമ്മ്യൂണിറ്റി അംഗങ്ങളും ഉൾപ്പെടെ 300- ലധികം സന്നദ്ധപ്രവർത്തകർ ഇത്തരത്തിൽ കിറ്റുകൾ വിതരണം ചെയ്യും.
ആസ്റ്റർ ഹോസ്പിറ്റലുകളിലെയും ക്ലിനിക്കുകളിലെയും ജീവനക്കാർ, ആസ്റ്റർ ഫാർമസികൾ, കമ്മ്യൂണിറ്റി വോളന്റിയർമാർ എന്നിവരടങ്ങുന്ന ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിലെ വോളന്റിയർമാർ 30 ദിവസങ്ങളിലായി 150,000 ഇഫ്താർ ബോക്സുകൾ വിതരണം ചെയ്യും. ഓരോ ദിവസവും 5,000 ഭക്ഷണ പെട്ടികൾ വിതരണം ചെയ്യുമെന്ന് അതോറിറ്റി അറിയിച്ചു. ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിലെ സന്നദ്ധപ്രവർത്തകർ ക്രമീകരിച്ചിരിക്കുന്ന ഈ ബോക്സുകളിൽ ഈന്തപ്പഴം, വെള്ളം, കേക്ക്, ജ്യൂസ് എന്നിവയുടെ ഒരു പാക്കറ്റ് ആയിരിക്കും ഉണ്ടാകുക.