വീണ്ടും വീണ്ടും വിസ്മയിപ്പിച്ച് ടോവിനോ. ‘അദൃശ്യജാലകങ്ങളിലൂടെ’ വ്യത്യസ്തമാർന്ന അഭിനയം കാഴ്ചവച്ച ടോവിനോ തോമസ് അന്താരാഷ്ട്ര അംഗീകാരം സ്വന്തമാക്കിയിരിക്കുനന്നു. പോർച്ചുഗലിലെ പ്രധാന അന്താരാഷ്ട്ര ചലച്ചിത്രമേളയായ ഫന്റാസ്പോർട്ടോ ചലച്ചിത്രമേളയുടെ 44-ാമത് എഡിഷനിൽ മികച്ച നടനായി ടോവിനോ തിരഞ്ഞെടുക്കപ്പെട്ടു. ഡോ.ബിജു സംവിധാനം ചെയ്ത ചിത്രത്തിൽ ടോവിനോയെ ആയിരുന്നില്ല, കഥാപാത്രത്തെ മാത്രമായിരുന്നു കാണാൻ സാധിച്ചത്. അത്രയും മികച്ച പ്രകടനമാണ് ടൊവിനോയെ അവാർഡിന് അർഹനാക്കിയത്. മേളയുടെ ഔദ്യോഗിക മത്സരവിഭാഗത്തിലും ഏഷ്യൻ ചിത്രങ്ങൾക്കുള്ള ഓറിയൻ്റ് എക്സ്പ്രസ്സ് മത്സരവിഭാഗത്തിലുമായിരുന്നു ചിത്രം പ്രദർശിപ്പിച്ചത്. മേളയുടെ 44 വർഷത്തെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു ഇന്ത്യൻ നടൻ ഈ പുരസ്കാരത്തിന് അർഹനാകുന്നത് എന്ന ചരിത്ര നേട്ടവും ഇനി മലയാളികളുടെ സ്വന്തം ടോവിനോയ്ക്ക് സ്വന്തം.
അതേസമയം 2024 മാർച്ച് ഒന്നുമുതൽ പത്തുവരെ നടന്ന മേളയിൽ പ്രദർശിപ്പിച്ച ഏക ഇന്ത്യൻ ചിത്രംകൂടിയാണ് ‘അദൃശ്യജാലകം’. 2019 ൽ ഇതേ മേളയിൽ ഡോ.ബിജുവിൻ്റെതന്നെ ‘പെയിൻ്റിംഗ് ലൈഫ്’ എന്ന ചിത്രം ഡയറക്ടേഴ്‌സ് വീക്ക് വിഭാഗത്തിൽ പ്രദർശിപ്പിക്കുകയും ക്രിട്ടിക്സ് ചോയ്സ് അവാർഡ് ലഭിക്കുകയും ചെയ്തിരുന്നു. താലിൻ ബ്ലാക്ക് നൈറ്റ്സ് അന്താരാഷ്ട്ര ചലച്ചിത്രമേള, ധാക്ക അന്താരാഷ്ട്ര ചലച്ചിത്രമേള, പൂനെ രാജ്യന്തര ചലച്ചിത്രമേള തുടങ്ങി നിരവധി ചലച്ചിത്ര മേളകളിൽ ചിത്രം നേരത്തേ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ടോവിനോയ്ക്ക് പുറമെ നിമിഷ സജയൻ, ഇന്ദ്രൻസ് എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയിരുന്നു. രാധികാ ലാവുവിൻ്റെ എല്ലനാർ ഫിലിംസും മൈത്രി മൂവി മേക്കേഴ്സും, ടോവിനോ തോമസ് പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മിച്ചത്. ജയശ്രീ ലക്ഷ്മിനാരായണൻ ആണ് അസോസിയേറ്റ് പ്രൊഡ്യൂസർ. മൂന്നുതവണ ഗ്രാമി അവാർഡ് നേടിയ റിക്കി കേജ് ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. യദു രാധാകൃഷ്ണൻ ഛായാഗ്രഹണം നിർവ്വഹിച്ച ചിത്രത്തിന്റെ എഡിറ്റർ ഡേവിസ് മാനുവൽ ആണ്.