എലിസബത്ത് രാജ്ഞിയും യുഎഇയും തമ്മിലുണ്ടായിരുന്നത് ദീര്‍ഘകാലം നീണ്ടുനിന്ന ഉഷ്മള ബന്ധം. യുഎഇ സ്ഥാപക ഭരണാധികാരികളുമായും നിലവിലെ ഭരണാധികാരികളുമായും പതിറ്റാണ്ടുകൾ നീണ്ട സൗഹൃദം കാത്തു സൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു എലിസബത്ത് രാജ്ഞി. എലിസബേത്ത് രാജ്ഞിയുടെ വിയോഗത്തില്‍ യുഎഇ ഭരണനേതാക്കൾ ആനുശോചനം രേഖപ്പെടുത്തി.
അതേസമയം നാല്‍പ്പത് വര്‍ഷം മുമ്പ് ആദ്യമായി യുഎഇ സന്ദര്‍ശിച്ച എലിസബേത്ത് രാജ്ഞിയുടെ ചിത്രങ്ങൾ വീണ്ടും പ്രചരിക്കുകയാണ്, യുഎഇ സ്ഥാപക നേതാക്കളോടൊപ്പമുളള ചിത്രങ്ങളാണിത്. ബ്രിട്ടാനിയ എന്ന രാജകീയ നൗകയിലെത്തിയ എലിസബത്ത് രാജ്ഞിക്ക് അബുദാബിയില്‍ ഊഷ്മളമായ സ്വീകരണമാണ് നല്‍കിയത്. യുഎഇ സ്ഥാപക പ്രസിഡന്റായ ഷെയ്ഖ് സായിദ്, അന്നത്തെ ദുബായ് ഭരണാധികാരി ഷെയ്ഖ് റാഷിദ് ബിൻ സയീദ് , യുഎഇ സുപ്രീം കൗൺസിലിലെ മറ്റ് അഞ്ച് ഭരണാധികാരികൾ ഉൾപ്പെടുന്ന പ്രമുഖരും വലിയ ജനക്കൂട്ടവും രാജ്ഞിയെ സ്വീകരിക്കാനെത്തിയിരുന്നു. 1979 ഫെബ്രുവരി 24 നായിരുന്നു രാജ്ഞിയുടെ സന്ദര്‍ശനം.
അന്താരാഷ്ട്ര പൊതുജന താൽപര്യം മുന്‍നിര്‍ത്തിയായിരുന്നു സന്ദര്‍ശനം. ഗൾഫിലെ ഭരണാധികാരികൾ ഒരു വനിതാ രാജാവിനെ എങ്ങനെ സ്വാഗതം ചെയ്യുമെന്ന് കാണാന്‍ ലോകം ആകാംഷയോടെ കാത്തിരുന്ന നിമിഷങ്ങളാണെന്ന് പഴയ മാധ്യമ വാര്‍ത്തകളും സൂചിപ്പിക്കുന്നു. ബ്രിട്ടീഷ് ഗവൺമെന്റിനെ സംബന്ധിച്ചും രാജ്ഞിയുടെ യുഎഇ സന്ദര്‍ശനം സുപ്രധാനമായിരുന്നു. എണ്ണ സമ്പന്നമായ ഗൾഫ് രാജ്യങ്ങളുമായി ലാഭകരമായ വ്യാപാര ഇടപാടുകളുടെ സാധ്യതകളും ലണ്ടൻ നിരീക്ഷിച്ചു. അബുദാബി, ദുബായ് ഉൾപ്പടെ വിവിധ എമിറേറ്റുകൾ സന്ദര്‍ശിച്ച ശേഷമാണ് രാജ്ഞി മടങ്ങിയത്.
പിന്നീട് ബ്രിട്ടനും യുഎഇയയും തമ്മില്‍ അഭേദ്യമായ ബന്ധമാണ് ഉണ്ടായത്. നിരവധി മേഖലകളില്‍ പരസ്പര സഹകരണം ശക്തമായി. പലകുറി ഗൾഫ് മേഖയില്‍ എലിസബേത്ത് രാജ്ഞി സന്ദര്‍ശനം നടത്തി. യുഎഇയിലെ പുതുതലമുറ ഭരണാധികാരികളുമായും ബക്കിങ്ങാം കൊട്ടാരം ഊഷ്മള ബന്ധം സൂക്ഷിച്ചു.
യുഎഇലെ ബ്രിട്ടീഷ് പൗരന്മാരും എലിസബത്ത് രാജ്ഞിയുടെ വിയോഗം തീരാനഷ്ടമായാണ് വിലയിരുത്തുന്നത്.