തൊണ്ണൂറ്റിയാറാം വയസ്സില്‍ എഴുപത് വര്‍ഷം നീണ്ട രാജകീയ പദവിയും കിരീടവും താഴെവച്ച് ബ്രിട്ടന്റെ എലിസബത്ത് രാജ്ഞി മടങ്ങി. മരണവാര്‍ത്ത സ്ഥിരീകരിച്ച് രാജകുടുംബത്തിന്റെ അറിയപ്പ് എത്തിയതോടെ അക്ഷരാര്‍ത്ഥത്തില്‍ ബ്രിട്ടണ് വിതുമ്പി. സ്കോട്ലന്റിലെ വേനല്‍ക്കാല വസതിയായ ബാല്‍മോറന്‍ കൊട്ടാരത്തിലായിരുന്നു അന്ത്യം.
2021 ഒക്ടോബര്‍ മുതല്‍ ആരോഗ്യപ്രശ്നങ്ങളാല്‍ ചികിത്സയിലായിരുന്നു എലിസബത്ത് രാജ്ഞി. അവസാന ദിവസങ്ങളില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരുന്നെങ്കിലും ചൊവ്വാഴ്ച പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ലിസ് ട്രസിനെ നിയമിക്കുന്ന ചടങ്ങില്‍ രാജ്ഞി പങ്കെടുത്തിരുന്നു. പിന്നീട് ആരോഗ്യ നില കൂടുതല്‍ വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. അന്ത്യനിമങ്ങളില് മക്കളും പേരക്കുട്ടികളുമടക്കം രാജകുടുംബാംഗങ്ങൾ ഒപ്പമുണ്ടായിരുന്നു. രാജ്ഞിയുടെ ആരോഗ്യസ്ഥിതി മോശമായതറിഞ്ഞ് ആയിരക്കണക്കിന് ജനങ്ങളാണ് കൊട്ടാരത്തിന് സമീപം തടിച്ചുകൂടിയത്.
70 വര്‍ഷത്തെ ഭരണം
ലോകത്ത് ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന രാജ്ഞിയെന്ന നേട്ടം കഴിഞ്ഞ ജൂണിലാണ് എലിസബത്ത് രാജ്ഞി സ്വന്തമാക്കിയത്. 1952 ഫെബ്രുവരി ആറിന് പിതാവിന്റെ മരണത്തിന് പിന്നാലെ അധികാരം ഏറ്റെടുത്തു. 1953 ജൂണ്‍ രണ്ടിന് കിരീടധാരണം നടന്നു. തുടര്‍ന്നുളള എഴുപത് വര്‍ഷം ബ്രിട്ടന്റെ ജനകീയ ഭരണാധികാരിയായി തുടര്‍ന്നു.
1926 ഏപ്രില്‍ 21ന് ജോര്‍ജ് ആറാമന്‍ രാജാവിന്റേയും എലിസബത്ത് ബോവസ് രാജ്ഞിയുടേയും മകളായി ജനനം. 1947ല്‍ ഗ്രീക്ക് ഡാനിഷ് രാജകുടുംബത്തിലെ ഫിലിപ്പ് രാജകുമാരനുമായി വിവാഹം. ചാൾസ്, ആനി, ആന്‍ഡ്രൂ, എഡ്വാര്‍ഡ് എന്നിവരാണ് മക്കൾ. മൂത്ത മകനായ ചാൾസ് രാജകുമാരനാണ് ഇനി ബ്രിട്ടന്റെ ഭരണാധികാരി. 2021ലാണ് ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന് വിടവാങ്ങിയത്.
ചരിത്രമെഴുതിയ വനിത
ബ്രിട്ടിഷ് രാജപദവിയിലെത്തിയ നാല്പതാമത്തെ വ്യക്തിയാണ് എലിസബത്ത് രാജ്ഞി. ഏറ്റവും കൂടുതല്‍ കാലം ബ്രിട്ടിഷ് രാജസിംഹാസനത്തിലിരുന്ന വ്യക്തിയാണ്. എലിസബത്ത് രാജ്ഞിയുടെ ഭരണകാലത്ത് വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ മുതല്‍ ലിസ് ട്രസ് വരെ 15 പേര് ബ്രിട്ടീഷ് പ്രധാനമന്ത്രി പദം അലങ്കരിച്ചു.
വടക്കൻ അയർലണ്ടിലെ പ്രശ്നങ്ങൾ, യുണൈറ്റഡ് കിംഗ്ഡത്തിലെ അധികാര വിഭജനം, ആഫ്രിക്കയുടെ അപകോളനിവൽക്കരണം, യുണൈറ്റഡ് കിംഗ്ഡത്തിന്റെ യൂറോപ്യൻ കമ്മ്യൂണിറ്റികളിലേക്കുള്ള പ്രവേശനം, യൂറോപ്യൻ യൂണിയനിൽ നിന്ന് പിന്മാറൽ തുടങ്ങിയ പ്രധാന രാഷ്ട്രീയ തീരുമാനങ്ങൾ എലിസബത്തിന്റെ ഭരണകാലത്തെ അടയാളപ്പെടുത്തുന്നതാണ്.
ഏറ്റവും അധികം കറന്‍സികളില്‍ പടമുളള ഭരണാാധികാരിയെന്ന നിലയില്‍ ഗിന്നസ് ബുക്കിലും എലിസബത്ത് രാജ്ഞി ഇടംപിടിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ രാജ്യങ്ങൾ സഞ്ചരിച്ച രാഷ്ട്രാധിപയെന്ന റെക്കോര്‍ഡും എലിസബത്തിന് സ്വന്തമാണ്. ഇന്ത്യയുൾപ്പടെയുളള രാജ്യങ്ങളുമായി അഭേദ്യമായ ബന്ധമാണ് എലിസബത്ത് രാജ്ഞി സൂക്ഷിച്ചത്.
ജനകീയത മുഖമുദ്ര
ബ്രിട്ടണ് കൂടാതെ ഇയു രാജ്യങ്ങളായ കാനഡ , ഓസ്ട്രേലിയ, ന്യൂസിലാന്റ് തുടങ്ങി 56 കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ നേതൃപദവിയും എലിസബത്ത് രാജ്ഞിയ്ക്കാണ്. ജനകീയത മുഖമുദ്രയാക്കിയ വനിതാ നേതാവും ലോകമെമ്പാടും ഏറ്റവും അധികം ആരാധകരുളള വനിതാ ഭരണാധികാരിയുമായിരുന്നു എലിസബത്ത് രാജ്ഞി. 26-ാം വയസ്സില്‍ ലോകം കീഴടക്കിയ ബ്രട്ടന്റെ തലപ്പത്തെത്തുമ്പോൾ വിമര്‍ശനങ്ങൾ ഉയര്‍ന്നെങ്കിലും ബ്രിട്ടനെ ആധുനിക യുഗത്തിന്റെ നെറുകയിലെത്തിക്കുന്നതിന് രാജ്ഞിക്ക് കഴിഞ്ഞു.
ഭരണത്തിന്റെ 70 വര്‍ഷം വര്‍ണാഭമായി രാജ്യം ആഘോഷിച്ചിരുന്നു.