മുൻനിര ഓൺലൈൻ സ്‌ട്രീമിങ് പ്ലാറ്റ്ഫോമായ ‘നെറ്റ്ഫ്ലിക്സ്’ രാജ്യത്തെ മാധ്യമ പ്രക്ഷേപണ നിയമങ്ങൾ ലംഘിക്കുന്നതായി യുഎഇ. ടെലികമ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റിയും യുഎഇ മീഡിയ റെഗുലേറ്ററി ഓഫിസും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
സാമൂഹിക മൂല്യങ്ങൾക്കും ഇസ്‍ലാമികമൂല്യങ്ങൾക്കും നിരക്കാത്ത ഉള്ളടക്കങ്ങൾ നെറ്റ്ഫ്ലിക്സ് സംപ്രേഷണം ചെയ്യുന്നുണ്ടെന്നാണ് കണ്ടെത്തല്‍.. കുട്ടികളുടെ പരിപാടികളിലും നിയമവിരുദ്ധ ഉള്ളടക്കങ്ങൾ കടന്നുകൂടുന്നുണ്ടെന്നും കണ്ടെത്തി. വിവാദപരമായ ഉള്ളടക്കം നീക്കംചെയ്യാൻ സ്‌ട്രീമിങ് പ്ലാറ്റ്‌ഫോമിന് നിർദേശം നല്‍കിയിട്ടുണ്ടെന്നും അതോറിറ്റി വ്യക്തമാക്കി.
അതേസമയം ഗൾഫ് രാജ്യങ്ങളുടെ മാധ്യമചട്ടങ്ങൾക്ക് യോജിക്കാത്ത ദൃശ്യങ്ങളും നിയമവിരുദ്ധ ഉള്ളടക്കങ്ങളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ഗൾഫ് രാജ്യങ്ങളുടെ സംയുക്ത യോഗം നെറ്റ്ഫ്ളിക്സിനെ അറിയിച്ചു. അത്തരം ഉളളടക്കങ്ങൾ നീക്കംചെയ്യാൻ നെറ്റ്ഫ്ലിക്സ് ഉടൻ തയാറാകണമെന്നും സമിതി ആവശ്യപ്പെട്ടു. 68 ലക്ഷത്തിലേറെ വരിക്കാരുളള ഗൾഫ് മേഖലയിലെ മുന്‍നിര സ്ട്രീമിംഗ് പ്ളാറ്റ്ഫോമാണ് നെറ്റ്ഫ്ളിക്സ്.