പുതിയ സർവീസുകൾ കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് നടത്താൻ താത്പര്യം അറിയിച്ച് വിമാനക്കമ്പനികൾ രംഗത്ത് വന്നു. കഴിഞ്ഞ ദിവസം കരിപ്പൂരിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് വിമാനക്കമ്പനികൾ മുന്നോട്ട് വന്നത്. കരിപ്പൂർ വിമാനത്താവള ഉപദേശക സമിതി യോഗത്തിൻറെ നിർദേശ പ്രകാരമാണ് കരിപ്പൂരിൽ നിന്നും കൂടുതൽ സർവീസ് ആരംഭിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാനായി ഉന്നത തലയോഗം ചേർന്നത്.
ക്വാലാംലപൂരിലേക്കും കൊളംബോയിലേക്കുമുൾപ്പെടെ പുതിയ സർവീസുകൾ നടത്താമെന്നാണ് വിമാനക്കമ്പനികൾ വ്യക്തമാക്കിയത്. കൂടുതൽ ആഭ്യന്തര സർവീസുകൾ കൂടി തുടങ്ങാൻ വിമാനക്കമ്പനികൾ തയ്യാറാകണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. യോഗത്തിൽ എയർപോർട്ട് ഡയറക്ടർക്ക് പുറമേ എം പി മാരും വിമാനക്കമ്പനി പ്രതിനിധികളും വിവിധ സംഘടനാ ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു. കൂടുതൽ സർവീസുകൾ തുടങ്ങാൻ താത്പര്യമുണ്ടെങ്കിലും വലിയ വിമാനങ്ങൾക്ക് കരിപ്പൂരിൽ ഇറങ്ങാൻ അനുമതിയില്ലാത്തതും എയർക്രാഫ്റ്റുകളുടെ കുറവുമാണ് വിമാനക്കമ്പനികൾ പ്രതിസന്ധിയായി ചൂണ്ടിക്കാട്ടിയത്.
എയർ ഏഷ്യാ ബർഹാഡ് കരിപ്പൂരിൽ നിന്നും ക്വാലാലംപൂരിലേക്ക് സർവീസ് തുടങ്ങുമെന്ന് അറിയിച്ചു. ശ്രീലങ്കയിൽ നിന്നുള്ള ഫിറ്റ്സ് എയർ കരിപ്പൂർ കൊളംബോ ക്വാലാലംപൂർ സർവീസ് നടത്താനുള്ള ആലോചനയിലാണ്. ആകാശ എയർലൈൻസ് ,വിസ്താര എയർലൈൻസ് തുടങ്ങിയവയും കരിപ്പൂരിൽ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
ഇടക്കാലത്ത് നിർത്തിയ ദമാം സർവീസ് വിൻറർ സീസണിൽ പുനരാരംഭിക്കുമെന്ന് ഇൻറിഗോ അധികൃതർ യോഗത്തെ അറിയിച്ചു. നിലവിൽ മുംബൈ, ചെന്നൈ, ദില്ലി, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിലേക്കാണ് കരിപ്പൂരിൽ നിന്നും ആഭ്യന്തര സർവീസുള്ളത്.