വയനാട്ടില്‍ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് രാഹുൽ ഗാന്ധി എം പി. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പടമല സ്വദേശി പനച്ചിയിൽ അജീഷിന്റെ വീടാണ് അദ്ദേഹം ആദ്യം സന്ദർശിച്ചത്. ഏഴ് മണിയോടെയാണ് അദ്ദേഹം അജീഷിന്റെ വീട്ടിലെത്തിയത്. ഭാരത് ജോഡോ ന്യായ് യാത്രക്ക് ചെറിയ ഇടവേള നല്‍കിയാണ് രാഹുല്‍ വയനാട്ടില്‍ എത്തിയത്.
രാഹുൽ ഗാന്ധി അജീഷിന്റെ കുടുംബാംഗങ്ങളുമായി സംസാരിച്ചു. എന്ത് സഹായം വേണമെങ്കിലും നൽകാമെന്ന് ഉറപ്പ് നൽകിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്. രാവിലെ 8.15നാണു രാഹുൽ പോളിന്റെ വീട്ടിലെത്തിയത്. കുടുംബത്തോടൊപ്പം അൽപ്പനേരം ചെലവഴിച്ച രാഹുൽ ആവശ്യമായ എല്ലാ സഹായവും നൽകുമെന്ന് അറിയിച്ചു. പോളിന്റെ മകൾ സോനയോടു ഭാവിയിൽ എന്താകാനാണ് ആഗ്രഹമെന്നു രാഹുൽ ചോദിച്ചു. ആഗ്രഹം പറഞ്ഞിട്ട് അതു നടാക്കാതെ പോയാലോ എന്നായിരുന്ന സോനയുടെ മറുപടി. രാഹുൽ വീണ്ടും ചോദിച്ചപ്പോൾ ഐഎഎസ് ആകണമെന്നായിരുന്നു സോനയുടെ മറുപടി.
അതേസമയം രാഹുലിന്റെ സന്ദർശനം ആശ്വാസം നല്‍കിയാതായി പോളിന്റെ ഭാര്യ മാധ്യമങ്ങളോട് പ്രതികരിച്ചു. ‘എന്റെ മോള്‍ കരയുന്നത് പോലെ ആരും കരയരുത്. വയനാട്ടില്‍ ജീവിക്കാന്‍ ബുദ്ധിമുട്ടാണ്. ആശുപത്രിയില്‍ സൗകര്യം വേണം. ഡോക്ടര്‍മാര്‍ വേണം. രാഹുലിന്റെ സന്ദര്‍ശനം ആശ്വാസം നല്‍കി’-. പ്രതീക്ഷയുണ്ടെന്നും പോളിന്റെ ഭാര്യ പറഞ്ഞു.