സെൽഫിയെടുക്കാൻ സിംഹത്തിന്റെ കൂട്ടിലേയ്ക്ക് ചാടിക്കയറിയ യുവാവിന് ദാരുണാന്ത്യം. രാജസ്ഥാനിലെ അൽവാർ സ്വദേശിയായ പ്രഹ്ളാദ് ഗുജ്ജർ (38) ആണ് ഫോട്ടോയെടുക്കാനുള്ള സാഹസങ്ങൾക്കിടെ മരണപ്പെട്ടത്. ആന്ധ്രാപ്രദേശിലെ തിരുപ്പതി മൃഗശാലയിൽ വെച്ചായിരുന്നു സംഭവം. മൃഗശാല ജീവനക്കാരുടെ കണ്ണുവെട്ടിച്ച് സിംഹത്തിന്റെ കൂട്ടിൽ കയറിയ ഇയാളെ സിംഹം ആക്രമിക്കുകയായിരുന്നു.
സിംഹങ്ങൾക്ക് അക്രമസ്വഭാവമുള്ളതുകൊണ്ടുതന്നെ കൂടിന് ചുറ്റും ശക്തമായ സുരക്ഷാ വേലികളാണ് കെട്ടിയിരുന്നത്. എന്നാൽ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് പൊതുജനങ്ങൾക്ക് പോകാൻ അനുമതിയില്ലാത്ത ഭാഗത്തുകൂടിയാണ് ഇയാൾ കൂട്ടിലേക്ക് കയറിയത്. കൂടിന്റെ 25 അടി ഉയരമുള്ള വേലിയിലേക്ക് വലിഞ്ഞുകയറിയ പ്രഹ്ളാദ് കൂട്ടിലേക്ക് ചാടാൻ ശ്രമിക്കവെയാണ് ജീവനക്കാർ സംഭവം കാണുന്നത്. ഇതോടെ ഇവർ യുവാവിനെ തടഞ്ഞെങ്കിലും അത് കാര്യമാക്കാതെ കൂട്ടിലേയ്ക്ക് ചാടുകയായിരുന്നു.
തുടർന്ന് ജീവനക്കാർക്ക് എന്തെങ്കിലും ചെയ്യാൻ സാധിക്കുന്നതിന് മുമ്പ് തന്നെ സിംഹം പ്രഹ്ളാദിനെ ആക്രമിച്ചിരുന്നു. ഒറ്റയ്ക്ക് മൃഗശാലയിലെത്തിയ യുവാവ് മദ്യപിച്ചിരുന്നതായാണ് നിഗമനം. എന്നാൽ ഇത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷമേ കൃത്യമായി അറിയാൻ സാധിക്കുകയുള്ളുവെന്നും ഇയാളുടെ കുടുംബവുമായി ബന്ധപ്പെടാൻ ശ്രമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി. എന്തായാലും സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.