ക്യൂബന്‍ വിപ്ലവ നായകൻ ചെഗുവേരയുടെ മകൻ കാമിലോ ഗുവേര മാർച്ച് അന്തരിച്ചു. അറുപത് വയസ് ആയിരുന്നു. വെനസ്വേല സന്ദർശിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്നാണ് മരണം.
ചെഗുവേരയുടെ ആശയങ്ങളും പ്രവർത്തനങ്ങളും പ്രചരിപ്പിക്കുന്ന ഹവാനയിലെ ചെഗുവേര സ്‌റ്റഡി സെന്ററിന്റെ ഡയറക്ടറായിരുന്നു. അഭിഭാഷകനും മികച്ച ഫോട്ടോ ഗ്രാഫറുമായിരുന്നു. വിവിധ രാജ്യങ്ങളിൽ ഫൊട്ടോഗ്രഫി പ്രദർശനം നടത്തിയിട്ടുണ്ട്.
ഏറെ വേദനയോടെയാണ് കാമിലോയ്ക്ക് വിടനൽകുന്നതെന്ന് ക്യൂബൻ പ്രസിഡന്റ് മിഗേൽ ദിയാസ് കനേൽ ട്വീറ്റ് ചെയ്തു. 1967 ഒക്ടോബർ 3 ന് ചെഗുേവര കൊല്ലപ്പെടുമ്പോൾ കാമിലോയ്ക്ക് അഞ്ച് വയസായിരുന്നു പ്രായം. ചെഗുവേരയുടെ ചിത്രങ്ങൾ ക്യാമ്പയിനുകളില്‍ ഉപയോഗിക്കുന്നതിനെ എതിര്‍ത്ത വ്യക്തികൂടിയാണ് കാമിലോ.
ചെഗുവേരയ്ക്കും ക്യൂബക്കാരിയായ അലെയ്‌ഡ മാർച്ചിനും നാല് മക്കളാണുളളത്. ഇതില്‍ മൂന്നാമനായിരുന്നു കാമിലോ. അതേസമയം പെറു സ്വദേശിയായ ഹിൽഡ ഗാഡിയയുമായുള്ള ആദ്യ വിവാഹത്തിൽ ചെഗുവേരയ്ക്ക് ഒരുമകളുമുണ്ട്. അവര്‍ നേരത്തേ മരിച്ചു.