രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന മൂന്ന് പേർക്ക് കൂടി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുൻ പ്രധാനമന്ത്രിമാരായ പി.വി.നരസിംഹ റാവു, ചൗധരി ചരൺ സിങ്, ഇന്ത്യൻ ഹരിതവിപ്ലവത്തിൻ്റെ പിതാവും പ്രമുഖ കാർഷിക ശാസ്ത്രജ്‌ഞനും മലയാളിയുമായ എം.എസ് സ്വാമിനാഥൻ എന്നിവർക്കാണ് ഭാരതരത്ന പുരസ്‌കാരം പ്രഖ്യാപിച്ചത്.
മരണാനന്തര ബഹുമതിയായാണ് മൂവർക്കും പുരസ്‌കാരം നൽകുന്നത്. ഇത്തവണ 5 പേരെയാണ് പുരസ്കാരത്തിനായി കേന്ദ്ര സർക്കാർ തിരഞ്ഞെടുത്തത്. മുൻ ഉപപ്രധാനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ എൽ.കെ.അഡ്വാനി, ബീഹാർ മുൻ മുഖ്യമന്ത്രി കർപ്പൂരി ഠാക്കൂർ എന്നിവർക്ക് കഴിഞ്ഞ ദിവസം ഭാരതരത്ന പ്രഖ്യാപിച്ചിരുന്നു. സാധാരണ വർഷത്തിൽ പരമാവധി മൂന്ന് പേർക്കാണ് പുരസ്കാരം നൽകാറുള്ളത്.
ഭാരതരത്ന ലഭിക്കുന്ന ആദ്യ മലയാളിയാണ് എം.എസ് സ്വാമിനാഥൻ. ഇതിന് മുമ്പ് എം.ജി.രാമചന്ദ്രന് (എംജിആർ) ഭാരതരത്ന കിട്ടിയിട്ടുണ്ടെങ്കിലും അദ്ദേഹം സ്വയം തമിഴ്‌നാട്ടുകാരനായാണ് വിശേഷിപ്പിച്ചതും ജീവിച്ചതും.