75–ാം റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് ഒരുങ്ങി തലസ്ഥാനം. സൈനികശക്തിയും നാരീശക്തിയും വിളിച്ചോതുന്ന 90 മിനുട്ട് ദൈര്‍ഘ്യമുള്ള പരേഡ് രാവിലെ കര്‍ത്തവ്യപഥിലാണ് അരങ്ങേറുക. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിൽ 100 വനിതകൾ ചേർന്നൊരുക്കുന്ന ശംഖുനാദത്തോടെയാണ് പരേഡ് ആരംഭിക്കുക. രാവിലെ 10.30 മുതൽ 12.10 വരെ നടക്കുന്ന പരേഡിൽ ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ വിശിഷ്‌ടാതിഥിയാകും. റിപ്പബ്ലിക് ദിന പരേഡിൽ ഇത്തവണ അണിനിരക്കുന്നവരിൽ 80 ശതമാനവും വനിതകളാണ് എന്ന പ്രത്യേകതയുമുണ്ട്.
വീരമൃത്യുവരിച്ച സൈനികർക്ക് യുദ്ധസ്‌മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആദരാഞ്ജലികൾ അർപ്പിക്കുന്നതോടെയായിരിക്കും റിപ്പബ്ലിക്ദിന പരിപാടികൾക്ക് തുടക്കമാകുക. തൊട്ടുപിന്നാലെ രാഷ്ട്രപതി ദ്രൗപദി മുർമുവും ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണും കുതിരകളെ പൂട്ടിയെ പരമ്പരാഗത ബഗ്ഗിയിൽ കർത്തവ്യപഥിലെത്തും. 40 വർഷത്തിന് ശേഷമാണ് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി കുതിരകളെ പൂട്ടിയ ബഗ്ഗിയിൽ രാഷ്ട്രപതി പരേഡിനെത്തുന്നത്.
ദേശീയപതാക ഉയർത്തുന്നതിന് പിന്നാലെ ദേശീയഗാനം ആലപിക്കും. അവസാനിക്കുന്നതിന് തൊട്ടുപിന്നാലെ ഗൺ സല്യൂട്ട് എന്ന നിലയിൽ 21 ആചാരവെടികൾ മുഴക്കും. ഇതിനുപിന്നാലെ കർത്തവ്യപഥിൽ വ്യോമസേന പുഷ്പവൃഷ്ടി നടത്തും. കര, നാവിക, വ്യോമ സേനകളിൽ നിന്നുള്ള വനിതാ ഓഫീസർമാരുടെ സംഘം ആദ്യമായി ഒന്നിച്ച് പരേഡിൽ മാർച്ച് ചെയ്യുകയും ചെയ്യും.
ടി 90 ടാങ്ക്, നാഗ് മിസൈൽ, പിനാക റോക്കറ്റ് ലോഞ്ചർ, കരയിൽ നിന്ന് ആകാശത്തേക്ക് തൊടുക്കുന്ന മധ്യദൂര മിസൈൽ എന്നിവ രാജ്യത്തിന്റെ പ്രതിരോധക്കരുത്തിൻ്റെ അടയാളമായി പരേഡിൽ അണിനിരക്കും. പരേഡിൽ അണിനിരക്കുന്ന 90 അംഗ ഫ്രഞ്ച് സേനാ സംഘത്തിന് പുറമെ ഫ്രാൻസിന്റെ 2 റഫാൽ യുദ്ധവിമാനങ്ങളും ട്രാൻസ്പോർട്ട് വിമാനവും ഫ്ലൈപാസ് നടത്തും. പുരുഷൻമാരും വനിതകളും ഉൾപ്പെട്ടതായിരിക്കും ബിഎസ്എഫ് സംഘം.
ഡൽഹി പൊലീസ് സംഘത്തെ മലയാളിയും നോർത്ത് ഡൽഹി ഡപ്യൂട്ടി കമ്മീഷണറുമായ ശ്വേത കെ.സുഗതൻ നയിക്കും. സിആർപിഎഫ്, എസ്എസ്ബി, ഐടിബിപി എന്നിവയിൽ നിന്നുള്ള വനിതാ സേനാംഗങ്ങൾ ബൈക്ക് അഭ്യാസപ്രകടനവും നടത്തും. 16 സംസ്ഥാനങ്ങളുടെയടക്കം 26 ഫ്ലോട്ടുകളാണ് ഇത്തവണ റിപ്പബ്ലിക് ദിനത്തിൽ അണിനിരക്കുക. ശ്രീരാമനുമായി ബന്ധപ്പെട്ട ഫ്ലോട്ട് ആണ് ഉത്തർപ്രദേശ് അവതരിപ്പിക്കുന്നത്. ഏറ്റവുമൊടുവിൽ നടക്കുന്ന വ്യോമസേനയുടെ ഫ്ലൈപാസ്റ്റിൽ 51 വിമാനങ്ങൾ പങ്കെടുക്കും. വിമാനത്തിലെ പൈലറ്റുമാരിൽ 15 പേർ വനിതകളാണ്.