സൗദിയിലെ മിക്ക പ്രദേശങ്ങളിലും ജനുവരി 29 വരെ മഴയ്ക്കും മഞ്ഞ് വീഴ്ചയ്ക്കും സാധ്യതയുള്ളതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അധികൃതർ അറിയിച്ചു. വടക്കൻ അതിർത്തി നഗരങ്ങളിൽ താപനില പൂജ്യം ഡിഗ്രിക്ക് താഴെയെത്താൻ സാധ്യതയുണ്ടെന്നും അതിനാൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
തബൂക്ക് പ്രവിശ്യയുടെ മലമ്പ്രദേശങ്ങളിൽ മഞ്ഞ് വീഴ്ചയുണ്ടാകുന്നതിനും മക്ക പ്രവിശ്യയിൽ പൊടിക്കാറ്റടിക്കുന്നതിനും അതോടൊപ്പം മഴയ്ക്കും സാധ്യതയുണ്ട്. കൂടാതെ തായിഫ്, അൽ ബാഹ, അദം തുടങ്ങിയ പടിഞ്ഞാറൻ പ്രദേശങ്ങളിലും വടക്കൻ നഗരങ്ങളിലും പൊടിക്കാറ്റ് വീശുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
ഈ കാലയളവിൽ മഴയ്ക്ക് സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും മഞ്ഞ് വീഴ്ചയുണ്ടാകുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശത്തിലുണ്ട്. കൂടാതെ നീന്തുന്നതിനും കുളിക്കുന്നതിനുമായി ജലാശയങ്ങളിലേയ്ക്കും വെള്ളക്കെട്ടിലേക്കും പോകരുതെന്നും സൗദി സിവിൽ ഡിഫൻസ് അധികൃതർ നിർദേശിച്ചു.