കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് ഇനി തുടരാനില്ലെന്ന് സോണിയ ഗാന്ധി. നെഹ്റു കുടുംബാംഗമല്ലാത്ത ഒരാൾ അടുത്ത കോൺഗ്രസ് അധ്യക്ഷൻ ആകട്ടെയെന്ന് സോണിയ ഗാന്ധി വ്യക്തമാക്കി.
മുതിർന്ന കോൺഗ്രസ് നേതാക്കളെ സോണിയ ഗാന്ധി നിലപാട് അറിയിച്ചു. അധ്യക്ഷ തെരഞ്ഞെടുപ്പിന് ഒരു മാസം ശേഷിക്കെയാണ് സോണിയ ഗാന്ധിയുടെ നയം വ്യക്തമാക്കൽ. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗലോട്ട്, കമൽനാഥ് ഇവരിൽ ഒരാൾ അധ്യക്ഷൻ ആകണമെന്നാണ് സോണിയ ഗാന്ധിയുടെ താൽപര്യം.
28 വർഷത്തിന് ശേഷമാണ് നെഹ്റു കുടുംബാംഗം അല്ലാത്തയാൾ കോൺഗ്രസ് അധ്യക്ഷൻ ആകാനുള്ള സാധ്യത തെളിയുന്നത്.
കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ മകൻ രാഹുൽ ഗാന്ധിക്ക് താത്പര്യമില്ലെന്നാണ് വിവരം. എന്നാൽ രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്നാണ് പ്രവർത്തകർ ആഗ്രഹിക്കുന്നതെന്ന് അശോക് ഗെഹ്ലോട്ട് പ്രതികരിച്ചു.
രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുത്തില്ലെങ്കിൽ പ്രവർത്തകർ നിരാശരാകുമെന്നും അതുകൊണ്ട് തന്നെ പ്രവർത്തകരുടെ വികാരം മാനിച്ച് രാഹുൽ ഗാന്ധി പദവി ഏറ്റെടുക്കണമെന്നും ഗെഹ്ലോട്ട് പറഞ്ഞു.