ദുബായിലെ എഴുപത് ഹോട്ടലുകൾക്ക് ഗ്രീൻ സർട്ടിഫിക്കറ്റ് നൽകി. ദുബായ് ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസം (ഡിഇടി) നിർദ്ദേശിച്ച 19 വ്യവസ്ഥകൾ നിറവേറ്റുന്നതിൽ മികവ് തെളിയിച്ചവർക്കാണ് ഈ അംഗീകാരം ലഭിച്ചത്.
ഹോട്ടലുകളിൽ അവശേഷിക്കുന്ന ഭക്ഷണം കൃത്യമായി യുഎഇ ഫുഡ് ബാങ്കിന് നൽകുക, ഉപയോഗശൂന്യമായ ഭക്ഷണാവശിഷ്ടങ്ങൾ കമ്പോസ്റ്റാക്കി മാറ്റുക തുടങ്ങിയ നിർദ്ദേശങ്ങളാണ് ദുബായ് സസ്റ്റൈനബിൾ ടൂറിസത്തിന്റെ ഭാഗമായി നൽകിയിരുന്ന പ്രധാന നിർദ്ദേശങ്ങൾ.
278 അപേക്ഷകളുടെ ഒരു കൂട്ടത്തിൽ നിന്നാണ് 70 ഹോട്ടലുകളെ തിരഞ്ഞെടുത്തത്. ഗ്രീൻ സർട്ടിഫിക്കറ്റിനായി “അപേക്ഷിച്ച ഹോട്ടലുകളുടെ എണ്ണം ഞങ്ങളെ അത്ഭുതപ്പെടുത്തിയെന്ന്,” കോർപ്പറേറ്റ് സ്ട്രാറ്റജി ആൻഡ് പെർഫോമൻസ് സെക്ടറിന്റെ ആക്ടിംഗ് സിഇഒ യൂസഫ് ലൂത്ത പറഞ്ഞു. സുസ്ഥിരത ഉറപ്പാക്കുന്ന കാര്യത്തിൽ യുഎഇ ഹോട്ടലുകൾ എത്രമാത്രം ശ്രദ്ധാലുക്കളാണ് എന്നതിന്റെ സൂചനയായിരുന്നു ഇത്. അടുത്ത സൈക്കിളിൽ എണ്ണത്തിൽ വർദ്ധനവ് കാണുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗോൾഡ്, സിൽവർ, ബ്രോൺസ് വിഭാഗങ്ങളായി തരംതിരിച്ചിരിക്കുന്ന ഹോട്ടലുകളെ അവയുടെ മാലിന്യം, ജലം, ഊർജം മാനേജ്മെന്റ്, ഗസ്റ്റ് വിദ്യാഭ്യാസം, പ്രാദേശിക കമ്മ്യൂണിറ്റികളുമായുള്ള ഇടപഴകൽ, ജീവനക്കാരുടെ പരിശീലനം എന്നിവയെ അടിസ്ഥാനമാക്കിയാണ് വിലയിരുത്തിയത്.