യുഎഇയിൽ പ്രവർത്തിക്കുന്ന കമ്പനികളിൽ ജോലി ചെയ്യുന്ന ജീവനക്കാരിൽ നിശ്ചിത ശതമാനം വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാകണമെന്ന നിബന്ധന കർശനമാക്കുന്നു. നിയമം ലംഘിക്കുന്നവർക്ക് പുതിയ തൊഴിൽ പെർമിറ്റിന് നിയന്ത്രണം ഏർപ്പെടുത്തുന്നതായാണ് റിപ്പോർട്ട്. ജീവനക്കാർക്കിടയിൽ വൈവിധ്യവത്കരണം നടപ്പാക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ നീക്കം.
ജീവനക്കാരിൽ 20 ശതമാനം പേർ വിവിധ രാജ്യങ്ങളിലുള്ളവരാകണമെന്ന് മാനവ വിഭവശേഷി, എമിററ്റൈസേഷൻ മന്ത്രാലയം നേരത്തെ നിർദേശിച്ചിരുന്നു. വ്യവസ്ഥകൾ പാലിക്കാത്ത കമ്പനികളുടെ പുതിയ വിസ അപേക്ഷയാണ് ഇപ്പോൾ നിരസിക്കപ്പെടുന്നത്. പുതിയതായി ആരംഭിച്ച സ്ഥാപനങ്ങൾക്കും നിയമം ബാധകമാണ്. അതേസമയം സന്ദർശകർ, ഗാർഹിക തൊഴിലാളികൾ, ഫ്രീസോണിലുള്ളവർ, കുടുംബ വിസക്കാർ എന്നിവർക്ക് നിയമം ബാധകമല്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
എന്നാൽ ഇക്കാര്യം മാനവ വിഭവശേഷി, എമിറ്റൈസേഷൻ മന്ത്രാലയം ഔദ്യോഗികമായി വിശദീകരിച്ചിട്ടില്ല. സ്ഥാപനങ്ങൾ വെബ്സൈറ്റിൽ പുതിയ വർക്ക് പെർമിറ്റിനായി അപേക്ഷ സമർപ്പിക്കുമ്പോൾ നിലവിലെ നിബന്ധനകൾ ചൂണ്ടിക്കാട്ടി നിരസിച്ചതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.