വെള്ളത്തെ പേടിയ്ക്കാതെ കൂളായി നടന്നു നീങ്ങുന്ന കാട്ടുപറമ്പൻ മുന്നിൽ. ചപ്പാത്തി വേണ്ട ‘ച്യോർ’ മതിയെന്ന് പറഞ്ഞ് കയ്യിൽ കരുതിയ മീനുമായി പിന്നാലെ രമണനും. സ്വയം പ്രഖ്യാപിത ഗുണ്ട സാക്ഷാൽ ദശമൂലം ദാമു കത്തിയുമായി പുറകിൽ തന്നെയുണ്ട്. വടം വലിയ്ക്കാൻ സന്നാഹങ്ങളുമായി എത്തിയ വീരനും ശൂരനുമായ ഷാജി പാപ്പൻ തോർത്ത് കറക്കി തൊട്ട് പിറകിൽ. പിന്നെ, എന്നോട് കളിക്കാൻ ധൈര്യമുണ്ടെങ്കിൽ വാടാ എന്ന് ഉറക്കെ പറഞ്ഞുകൊണ്ട് കീലേരി അച്ചുവും. ആനക്കര പൂരം കാണാൻ നേരിട്ടെത്തിയ സാക്ഷാൽ ട്രോൾ താരങ്ങളെ കണ്ട് അമ്പരന്ന് നിൽപ്പായി ജനങ്ങൾ. ആഹാ… കൊള്ളാലോ
ഇന്ന് വേലയ്ക്കും പൂരത്തിനും നിരവധി കലാരൂപങ്ങളും വ്യത്യസ്തമാർന്ന പ്ലോട്ടുകളും വർണ വിസ്മയം ഒരുക്കുന്നത് ഒരു പതിവ് കാഴ്ച്ചയാണ്. എന്നാലിത്, ഒരൊന്നൊന്നര പ്ലോട്ടുകളായി പോയി എന്ന് പറഞ്ഞുകൊണ്ട് 10 അടിയോളം ഉയരമുള്ള ഈ താരങ്ങളെ അമ്പരന്ന് നോക്കുകയാണ് സോഷ്യൽ മീഡിയ മുഴുവൻ. ഗുരുവായൂരുള്ള സൗപർണിക കലാലയം ടീമിന്റെ കരവിരുതാണ് ഈ ട്രോൾ താരങ്ങളെ വീണ്ടും ട്രെൻഡിങ് ആക്കിയിരിക്കുന്നത്. 24 വർഷത്തിനിടയിൽ വൈറൽ ആവുന്നത് ഇതാദ്യം. സൗപർണികയുടെ ഈ പുതിയ ആശയം എല്ലാവരും ഇരു കയ്യും നീട്ടി സ്വീകരിച്ചതിന്റെ സന്തോഷത്തിലാണ് ടീം അംഗങ്ങൾ.
ഫൈബർ ട്രോൾ താരങ്ങൾ പിറന്നത് ഇങ്ങനെ…
കഴിഞ്ഞ വർഷം കിവി എന്ന പക്ഷിയുടെ രൂപം ചെയ്ത് കൊണ്ടാണ് സൗപർണിക ആദ്യ പരീക്ഷണം തുടങ്ങിയത്. വലിപ്പമുള്ള പക്ഷിയുടെ രൂപമായിരുന്നു അത്. ഒരു ചേഞ്ച് വേണമെന്ന തോന്നലിൽ ഇക്കുറി 5 ഹാസ്യകഥാപാത്രങ്ങളെ പരീക്ഷിക്കാമെന്ന് കരുതി. അങ്ങനെയാണ് കാട്ടുപറമ്പനും രമണനും ദശമൂലം ദാമുവും ഷാജി പാപ്പനും കീലേരി അച്ചുവും സൗപർണികയിലേക്കെത്തിയത്.
ഈ ഫൈബർ ട്രോൾ താരങ്ങൾ പൂരത്തിന് എത്തിയ വീഡിയോ വൈറലായതോടെ സൗപർണികയിലേക്ക് ഫോൺവിളികളുടെ പൂരമാണ്. അഭിനന്ദിച്ചും പരിപാടി ബുക്ക് ചെയ്യാനുമുള്ള വിളികൾക്ക് പുറമേ ചില കഥാപാത്രങ്ങളെ വിട്ടുപോയെന്ന പരിഭവം പറയാനും ഒരുപാട് പേർ വിളിക്കുന്നുണ്ട്. സലീം കുമാറിന്റെ മണവാളൻ കഥാപാത്രം കൂടി വേണമെന്നായിരുന്നു ഒട്ടുമിക്ക ആളുകളുടെയും നിർദേശം. ഇതോടെ കൂടുതൽ കഥാപാത്രങ്ങളെ ഇനിയും ഒരുക്കാനുള്ള പണിപുരയിലാണ് സൗപർണിക കലാലയം. ’85-ഓളം പേരാണ് ഈ സംഘത്തിലുള്ളത്. വീട്ടിൽ വച്ച് തന്നെയായിരുന്നു ഈ വൈറൽ പ്ലോട്ടുകളുടെ നിർമാണം. ഇത്രയ്ക്ക് വൈറലാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല, ഏറെ സന്തോഷം’. ടീമിനെ നയിക്കുന്ന രാജേഷ് സന്തോഷത്തോടെ പറയുന്നു.