എഎഫ്‌സി ഏഷ്യൻ കപ്പ് മത്സരങ്ങൾ നടക്കുന്ന സ്റ്റേഡിയത്തിനുള്ളിൽ പുകവലി നിരോധിച്ചു. എഎഫ്‌സി ഏഷ്യൻ കപ്പിൻ്റെ മത്സര വേദികൾ പുകയിലരഹിതമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. കായിക ടൂർണമെൻ്റുകളിൽ ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി പ്രാദേശിക സംഘാടക കമ്മിറ്റിയും പൊതുജനാരോഗ്യ മന്ത്രാലയവും ചേർന്നാണ് ടൂർണമെന്റ് വേദികൾ പുകയില രഹിതമാക്കാൻ തീരുമാനിച്ചത്.
സ്റ്റേഡിയങ്ങൾക്കുള്ളിൽ പുകവലി നിരോധിച്ചെങ്കിലും സ്റ്റേഡിയങ്ങൾക്ക് പുറത്ത് ഇതിനുള്ള പ്രത്യേക സ്ഥലങ്ങൾ അനുവദിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. മത്സരങ്ങൾക്കിടയിൽ ആരാധകർ സ്‌റ്റേഡിയങ്ങളുടെ അകത്ത് പുകവലിക്കുന്നുണ്ടോയെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഇൻസ്പെക്ടർമാർ നിരീക്ഷിക്കുമെന്നും പുകവലിയുടെ അപകടസാധ്യതകളെക്കുറിച്ചുള്ള ബോർഡുകൾ സ്ഥാപിക്കുമെന്നും സംഘാടക സമിതി ഭാരവാഹികൾ കൂട്ടിച്ചേർത്തു. 2022-ൽ ഖത്തർ ആതിഥേയത്വം വഹിച്ച ഫിഫ ലോകകപ്പിലും സ്‌റ്റേഡിയങ്ങൾ പുകവലിരഹിതമായിരുന്നു.
മൂന്നാം തവണയാണ് ഏഷ്യൻ കപ്പിന് ഖത്തർ ആതിഥേയത്വം വഹിക്കുന്നത്. രാജ്യത്തുടനീളമായി ഒൻപത് സ്റ്റേഡിയങ്ങളിലായാണ് ഏഷ്യൻ കപ്പ് മത്സരങ്ങൾ നടക്കുന്നത്. 51 മത്സരങ്ങളുൾപ്പെട്ട ഏഷ്യൻ കപ്പിന്റെ ഫൈനൽ മത്സരം ഫെബ്രുവരി 10നാണ് നടക്കുക.