തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള നടിയാണ് നയൻതാര. താരത്തിന് സ്വന്തമായി ‘9 സ്കിൻ’ എന്ന പേരിൽ സ്കിൻ കെയർ ഉൽപ്പന്നങ്ങളുടെ ബിസിനസുമുണ്ട്. ഇപ്പോഴിതാ തന്റെ സന്തോഷത്തിനും ഉയർച്ചക്കും പിന്നിൽ ഭർത്താവ് വിഘ്നേഷ് ശിവനാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. തന്റെ പുതിയ ബ്രാൻഡായ ‘ഫെമി 9’ന്റെ വിജയാഘോഷത്തിലാണ് വിഘ്നേഷ് ശിവന്റെ പിന്തുണയെക്കുറിച്ച് താരം വാചാലയായത്. ഇന്നത്തെക്കാലത്ത് വളരെ വിരളമായി മാത്രമേ സ്ത്രീകളെ പിന്തുണക്കുന്ന പുരുഷന്മാരെ കാണാൻ കഴിയുകയുള്ളു. വലിയ സ്വപ്നങ്ങൾ കാണാൻ പഠിപ്പിച്ചത് ഭർത്താവാണെന്നും നയൻതാര കൂട്ടിച്ചേർത്തു.
‘എന്റെ ഉയർച്ചയുടെ എല്ലാ ക്രെഡിറ്റും എന്റെ ഭർത്താവിനുള്ളതാണ്. എല്ലാ പുരുഷന്റെയും വിജയത്തിന് പിന്നിൽ ഒരു സ്ത്രീയുണ്ടെന്ന വാചകം നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ സന്തോഷവതിയായ ഒരു സ്ത്രീക്ക് വേണ്ടി പുരുഷൻ നിൽക്കുന്നത് അപൂർവമായേ കാണാൻ കഴിയുള്ളു. ഇത്തരത്തിലുള്ള ആളുകളെ ഞാൻ അധികം കണ്ടിട്ടില്ല’- താരം പറഞ്ഞു.
‘ഒരു സിനിമയുടെ ഭാഗമായിട്ടാണ് ഞാൻ എന്റെ ഭർത്താവിനെ കണ്ടുമുട്ടുന്നത്. പിന്നീട് ഞങ്ങൾ പ്രണയത്തിലാവുകയും ഒടുവിൽ വിവാഹം കഴിക്കുകയും ചെയ്തു. അദ്ദേഹമാണ് എന്നെ വലിയ കാര്യങ്ങൾ സ്വപ്നം കാണാൻ പഠിപ്പിച്ചത്. എന്റെ തീരുമാനങ്ങളെ ചോദ്യം ചെയ്യുന്നതിനേക്കാൾ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ അദ്ദേഹം എന്നെ പ്രേരിപ്പിക്കുകയായിരുന്നു. അദ്ദേഹം ഒരിക്കലും എന്റെ തീരുമാനങ്ങളെ ചോദ്യം ചെയ്തിട്ടില്ല’- നയൻതാര കൂട്ടിച്ചേർത്തു.
സംവിധായകനായ വിഘ്നേഷും നയൻതാരയും വിജയ്സേതുപതി നായകനായ ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് കണ്ടുമുട്ടുന്നത്. ദീർഘനാളത്തെ പ്രണയത്തിന് ശേഷം ഇരുവരും 2022ൽ വിവാഹിതരായി. വിഘ്നേഷ്- നയൻതാര ദമ്പതികൾക്ക് ഉയിർ, ഉലക് എന്നിങ്ങനെ രണ്ട് മക്കളുണ്ട്.