പുതുവർഷം പിറക്കുന്നതിന് വേണ്ടി കാത്തിരിക്കുകയാണ് ലോകം. ആഘോഷങ്ങളോട് അനുബന്ധിച്ച് ദുബായിലെ ചില പൊതു പാർക്കുകളും വിനോദ സൗകര്യങ്ങളും കൂടുതൽ സമയം പ്രവർത്തിക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.
അൽഖൂസ് പോണ്ട് പാർക്ക്, സബീൽ പാർക്ക്, ഉമ്മു സുഖീം പാർക്ക്, സഫ പാർക്ക് എന്നിവിടങ്ങളിലേക്ക് പുലർച്ചെ ഒരു മണി വരെ തുറന്നിരിക്കുന്ന വിവിധ സ്ഥലങ്ങളിൽ താമസക്കാർക്കും സന്ദർശകർക്കും കരിമരുന്ന് പ്രയോഗത്തിൻ്റെ മനോഹരമായ കാഴ്ചകൾ കണ്ട് ആസ്വദിക്കാൻ കഴിയും. കൂടാതെ റസിഡൻഷ്യൽ പാർക്കുകളും സ്ഥലങ്ങളും അർദ്ധരാത്രി 12 മണി വരെ തുറന്നിരിക്കുകയും ചെയ്യും.
അൽ മുഷ്രിഫ് നാഷണൽ പാർക്ക്, അൽ മംസാർ പാർക്ക്, ക്രീക്ക് പാർക്ക്, എന്നിവ രാത്രി 11 മണി വരെ തുറന്നിരിക്കും. മാത്രമല്ല, അൽ മുഷ്രിഫ് നാഷണൽ പാർക്കിലെ മൗണ്ടൻ ബൈക്ക് ട്രെയിലുകളും മൗണ്ടൻ വാക്കിംഗ് ട്രയലും രാവിലെ ആറ് മണി മുതൽ വൈകിട്ട് 5.30 വരെ ആയിരിക്കും.
അതേസമയം അൽ ഖുറാനിക് പാർക്കിൽ രാത്രി 10 മണി വരെയും ഗ്ലാസ് ഹൗസും, കേവ് ഓഫ് മിറാക്കിൾസും രാത്രി 8.30 വരെയും സന്ദർശകരെ അനുവദിക്കും. ദുബായ് ഫ്രെയിമിൽ രാത്രി 9 മണി വരെ സന്ദർശകരെ അനുവദിക്കും. ചിൽഡ്രൻസ് സിറ്റി രാത്രി 8 മണി വരെയും തുറന്നിരിക്കും.