എങ്ങും പുതുവർഷാഘോഷങ്ങൾ തുടരവേ 2024നെ വരവേറ്റ് ലോകം. മധ്യ പസഫിക് ദ്വീപ് രാഷ്ട്രമായ കിരിബാത്തിയിലാണ് ആദ്യം പുതുവർഷം എത്തിയത്. അന്താരാഷ്ട്ര ദിനാങ്കരേഖയോട് തൊട്ടുകിടക്കുന്ന രാജ്യമാണ് കിരിബാത്തി. ഇന്ത്യൻ സമയം വൈകീകുന്നേരം 3.30ഓടെയാണ് കിരിബാത്തിയിൽ പുതുവർഷമെത്തിയത്. ഇതിന് പിന്നാലെ ന്യൂസിലാൻഡിലും പുതുവർഷം പിറന്നു. ആഘോഷങ്ങൾക്ക് തുടക്കമിട്ടുകൊണ്ട് ദ്വീപുകളിൽ വെടിക്കെട്ടുകളും വർണക്കാഴ്ചകളും നിറഞ്ഞു.
ന്യൂസിലാൻഡിന് ശേഷം ഓസ്ട്രേലിയ, ജപ്പാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിലാണ് അടുത്തതായി പുതുവർഷമെത്തുക. പിന്നീട് ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ പുതുവർഷം പിറക്കും. അതേസമയം പസഫിക് സമുദ്രത്തിൽ യു.എസിന്റെ ഭാഗമായ അമേരിക്കൻ സമോവ, ബേക്കർ ഐലൻഡ് തുടങ്ങിയ ദ്വീപുകളാണ് ഏറ്റവും അവസാനം പുതുവർഷം പിറക്കുന്നത്.
അന്താരാഷ്ട്ര ദിനാങ്കരേഖക്ക് പടിഞ്ഞാറ് വശത്ത് തൊട്ടുകിടക്കുന്ന ദ്വീപുകളിലാണ് പുതുവർഷം ആദ്യം എത്തുക. എന്നാൽ ദിനാങ്ക രേഖക്ക് കിഴക്കുവശത്തുള്ള രാജ്യങ്ങളിൽ പുതുവർഷം അവസാനമാണ് എത്തുന്നത്. ലോകത്തിലെ സമയം ക്രമീകരിക്കുന്നതിനായി അന്താരാഷ്ട്ര അംഗീകാരത്തിലുള്ള ഒരു സാങ്കല്പികരേഖയാണ് അന്താരാഷ്ട്ര ദിനാങ്കരേഖ.