ഇനി ഭൂവിവരങ്ങൾ കയ്യെത്തും ദൂരത്ത് ലഭിക്കും. കേരള സർക്കാർ പുറത്തിറക്കുന്ന ‘കെ സ്മാര്‍ട്ട്’ മൊബൈല്‍ ആപ്പ് സ്‌കാന്‍ ചെയ്യുമ്പോള്‍ ഭൂമിവിവരം കിട്ടുന്ന ഓരോ സ്ഥലത്തും നിര്‍മിക്കുന്ന കെട്ടിടത്തിന് എത്ര ഉയരമാകാം എന്ന് വരെ പറഞ്ഞുതരും. തദ്ദേശ സേവനത്തിനുള്ള പുതിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമാണ്’കെ സ്മാര്‍ട്ട്’ .ഇത് വിന്യസിക്കുന്നതോടെ സേവനങ്ങള്‍ ലഭ്യമാകുന്നതിനുള്ള പതിവുരീതി അടിമുടി മാറുമെന്നാണ് പ്രതീക്ഷ.
പുതുവര്‍ഷം മുതല്‍ കെ സ്മാര്‍ട്ടുവഴിയുള്ള ഓണ്‍ലൈന്‍ സേവനത്തിന് തുടക്കമാകും. ആദ്യം സംസ്ഥാനത്തെ നഗരസഭകളിലും ഏപ്രില്‍ ഒന്നുമുതല്‍ എല്ലാ ഗ്രാമപഞ്ചായത്തുകളിലുമാണ് നടപ്പാക്കുന്നത്. ജനത്തിന് ഓഫീസുകള്‍ കയറിയിറങ്ങാതെ സേവനങ്ങള്‍ കിട്ടുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അതേസമയം സര്‍ക്കാര്‍ വകുപ്പുകളുടെ ഡേറ്റാശേഖരം ഉപയോഗിച്ച് രാജ്യത്ത് ആദ്യമായാണ് ഭൂമിവിവരങ്ങള്‍ സര്‍ക്കാര്‍ സംവിധാനത്തിലൂടെത്തന്നെ ഓണ്‍ലൈനായി ജനങ്ങളിലെത്തിക്കുന്നത്. ‘കെ സ്മാര്‍ട്ടി’ല്‍ അപേക്ഷാഫീസും നികുതിയും പരാതികളുമെല്ലാം ഓണ്‍ലൈനായി നല്‍കാൻ കഴിയും. മാത്രമല്ല തത്സമയം സ്ഥിതിവിവരം അറിയാനും സാധിക്കും.
പ്ലാനുകള്‍ ചട്ടപ്രകാരമാണോ എന്ന് തിരിച്ചറിയാം
റവന്യുവകുപ്പിന്റെ ഡിജിറ്റല്‍ സര്‍വേയിലെയും ദുരന്തനിവാരണ വകുപ്പിലേയും രേഖകള്‍ കെ സ്മാര്‍ട്ടില്‍ ഉപയോഗിക്കും. എയര്‍പോര്‍ട്ട് അതോറിറ്റി, തദ്ദേശസ്ഥാപനങ്ങളുടെ മാസ്റ്റര്‍ പ്ലാന്‍, തീരദേശ പരിപാലന വിഭാഗം, റെയില്‍വേ എന്നിവയിലെ വിവരങ്ങള്‍ ഉപയോഗിച്ചായിരിക്കും ഭൂമിവിവരം ഇന്‍ഫര്‍മേഷന്‍ കേരള തയ്യാറാക്കിയ കെ സ്മാര്‍ട്ടില്‍ നല്‍കുക. ഭൂമി സ്‌കാന്‍ ചെയ്യുമ്പോള്‍ത്തന്നെ തീരദേശപരിപാലന നിയമപരിധിയിലാണോ,റെയില്‍വേ-എയര്‍പോര്‍ട്ട് സോണുകളിലാണോ, പരിസ്ഥിതിലോല പ്രദേശമാണോ,കെട്ടിടത്തിന് പറ്റിയ ഭൂമിയാണോ എന്നൊക്കെ അറിയാൻ സാധിക്കും. കെട്ടിടനിര്‍മാണ പ്ലാനുകള്‍ ചട്ടപ്രകാരമാണോ എന്ന് കെ സ്മാര്‍ട്ട് കൃത്യമായി പറയുകയും ചെയ്യും.
സ്വകാര്യവിവരങ്ങള്‍ സുരക്ഷിതം
കെ സ്മാര്‍ട്ടില്‍ വ്യക്തികള്‍ നല്‍കുന്ന വിവരങ്ങള്‍ മൂന്നാമതൊരാള്‍ക്ക് കാണാൻ കഴിയില്ല. സിറ്റിസണ്‍ ലോഗിനില്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചോ അക്ഷയ, കുടുംബശ്രീ ഹെല്‍പ് ഡെസ്‌ക് വഴിയോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൈപ്പറ്റ് രസീതിന്റെ വിവരം എസ്.എം.എസ്.ആയും മെയിലിലും വാട്സാപ്പിലും അപേക്ഷകന് ലഭിക്കും. എന്നാൽ തുടക്കം നഗരങ്ങളിലായിരിക്കുമെങ്കിലും ഗ്രാമപഞ്ചായത്തുകളിൽ ഉൾപ്പെടെ ഭാവിയില്‍ സേവനങ്ങളെല്ലാം ഒരു കുടക്കീഴിലാകുന്ന പ്ലാറ്റ് ഫോമായിരിക്കും കെ സ്മാര്‍ട്ട്. ഇതിന്റെ വരവോടെ പഞ്ചായത്തുകളില്‍ ഇപ്പോഴുള്ള ഐ.എല്‍.ജി.എം.എസ്. സോഫ്റ്റ് വെയര്‍ ഇല്ലാതാകും.
തദ്ദേശ സേവനങ്ങള്‍ക്കുള്ള 35 മൊഡ്യൂളുകളില്‍ എട്ടെണ്ണമാണ് ആദ്യം നടപ്പിലാക്കുന്നത്.
1.സിവില്‍ രജിസ്ട്രേഷന്‍(ജനനം,മരണം,വിവാഹം): വിവാഹ രജിസ്ട്രേഷന്‍ ഓണ്‍ലൈനായി ഇ-കൈ.വൈ.സി. സംവിധാനത്തിലൂടെ നടപ്പാക്കാൻ കഴിയും.
2.ബിസിനസ് ഫെസിലിറ്റേഷന്‍: വ്യാപാര, വ്യവസായ ലൈസന്‍സ് തുടങ്ങിയവ സേവനങ്ങൾക്ക് ഉപയോഗിക്കാം.
3.നികുതികള്‍: കെട്ടിടനികുതി അടയ്ക്കാന്‍ ‘എന്റെ കെട്ടിടങ്ങള്‍’ എന്ന മെനു സെലക്ട് ചെയ്യുക. കെട്ടിടം പൂര്‍ത്തിയായാൽ ഉടൻ നമ്പര്‍, സര്‍ട്ടിഫിക്കറ്റ്, നികുതി നിര്‍ണയം. കെട്ടിടങ്ങളുടെ കാലപ്പഴക്കം, വിലാസം, ഉടമയുടെ വിവരങ്ങള്‍, കൈവശവിവരം, നികുതി എല്ലാം കാണാൻ കഴിയും.
4.യൂസര്‍മാനേജ്മെന്റ്: ലളിതമായ യൂസര്‍മാപ്പിങ്. പെന്‍ നമ്പര്‍ ഉപയോഗിച്ച് തിരിച്ചറിയാൻ കഴിയും.
5. ഫയല്‍ മാനേജ്മെന്റ് : സംസ്ഥാനത്താകെ ഏകീകൃത ഫയല്‍ സംവിധാനമാണ് നടപ്പിലാക്കുക.
6. ഫിനാന്‍സ്: ബജറ്റ് അനുസൃത സാമ്പത്തിക നടപടികളുടെ റിപ്പോര്‍ട്ട് ജനങ്ങള്‍ക്കും വായിക്കാൻ സാധിക്കും.
7. കെട്ടിടങ്ങള്‍ക്ക് അനുമതി: ജി.ഐ.എസ്. ഉപയോഗിച്ച് പ്ലോട്ടുകളുടെയും കെട്ടിടങ്ങളുടെയും വിവരങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ കാണാം. പെര്‍മിറ്റ് വിവരങ്ങളും ഓണ്‍ലൈനില്‍ ലഭ്യമാകും.
8. പൊതുജന പരാതി പരിഹാരം.