അബുദാബിയിൽ ഭിന്നശേഷിക്കാർക്ക് സുഗമമായി കടൽ ആസ്വദിക്കാൻ അവസരം. ഭിന്നശേഷിക്കാർക്ക് ബീച്ചിലേക്കുള്ള പ്രവേശനം എളുപ്പമാക്കുന്നതിനായി പ്രത്യേക ട്രാക്കാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. വീൽചെയറിൽ ട്രാക്കിലൂടെ നിഷ്പ്രയാസം ബീച്ചിലേയ്ക്ക് പ്രവേശിക്കാനും സാധിക്കും. ഭിന്നശേഷിക്കാരെ സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് കൊണ്ടുവന്ന് ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി.
ഹരിത സാങ്കേതിക വിദ്യ ഉപയോഗിച്ച് നടപ്പാതയിൽ നിന്ന് കടലിലേക്ക് നീണ്ടുകിടക്കുന്ന ട്രാക്കിലൂടെ ഭിന്നശേഷിക്കാർക്ക് അനായാസമായി കടലിൽ കുളിക്കാനും വിനോദത്തിൽ ഏർപ്പെടാനും സാധിക്കും. ഗ്രീക്ക് കമ്പനിയായ സീട്രാക്ക് രൂപകല്പന ചെയ്‌ത സൗരോർജ ട്രാക്കുകളിൽ ഘടിപ്പിച്ച കസേര റിമോട്ട് കൺട്രോൾ ഉപയോഗിച്ച് ചലിപ്പിക്കാൻ സാധിക്കുന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്.
മുബദലയുടെ സഹകരണത്തോടെ അബുദാബി മുനിസിപ്പാലിറ്റി ആന്റ് ട്രാൻസ്പോർട്ടിന്റെ നേതൃത്വത്തിലാണ് പദ്ധതി യാഥാർത്ഥ്യമാക്കിയിരിക്കുന്നത്. കോർണിഷ് പബ്ലിക് ബീച്ച്, കോർണിഷ് ഫാമിലി ബീച്ച്, കോർണിഷ് സാഹിൽ ബീച്ച്, അൽ ബത്തീൻ പബ്ലിക് ബീച്ച്, അൽ ബത്തീൻ ലേഡീസ് ബീച്ച് എന്നിവിടങ്ങളിലാണ് സി-ട്രാക്ക് സംവിധാനം ഒരുക്കിയിരിക്കുന്നത്.