ശ്രീലങ്കയ്ക്ക് സമാനമായ സാമ്പത്തിക പ്രതിസന്ധിയാണ് പാകിസ്ഥാന്‍റെ മുന്നിലുളളതെന്ന സൂചനകൾക്കിടെ നിക്ഷേപ പദ്ധതികളുമായി യുഎഇ രംഗത്ത്. പാകിസ്ഥാനില്‍ വന്‍ തുക നിക്ഷേപമിറക്കാനുളള തയ്യാറെടുപ്പിലാണ് യുഎഇ. ദക്ഷിണേഷ്യൻ രാജ്യങ്ങളില്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിനുളള പദ്ധതികൾ ഭാഗമായാണ് യുഎഇ നടപടി.
വിവിധ സാമ്പത്തിക മേഖലകളിൽ പ്രവര്‍ത്തിക്കുന്ന പാകിസ്ഥാൻ കമ്പനികളിൽ ഒരു ബില്യൺ ഡോളർ നിക്ഷേപിക്കാനാണ് പുതിയ നീക്കം. വ്യാപര- നിക്ഷേത തലങ്ങളില്‍ ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷി സാമ്പത്തിക ബന്ധം കൂടുതൽ വിപുലീകരിക്കുകയാണ് ലക്ഷ്യമെന്ന് ഔദ്യോഗിക വ്യത്തങ്ങൾ സൂചിപ്പിച്ചു.
ഗ്യാസ്, ഊർജ അടിസ്ഥാന സൗകര്യങ്ങൾ, പുനരുപയോഗ ഊർജം, ആരോഗ്യ സംരക്ഷണം, ബയോടെക്നോളജി, കാർഷിക സാങ്കേതികവിദ്യ, ലോജിസ്റ്റിക്സ്, ഡിജിറ്റൽ കമ്മ്യൂണിക്കേഷൻസ്, ഇ-കൊമേഴ്‌സ്, ഫിനാൻഷ്യൽ തുടങ്ങി വിവിധ മേഖലകളിലാണ് സഹകരണം ശക്തമാക്കുന്നത്.
നേരത്തെ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് പാകിസ്ഥാൻ സന്ദർശിക്കുന്ന സാഹചര്യത്തിൽ യുഎഇ 734 ദശലക്ഷം ദിർഹം വികസന സഹായം വാഗ്ദാനം ചെയ്തിരുന്നു.ഖലീഫ ഫണ്ട് ഫോർ എന്റർപ്രൈസ് ഡെവലപ്‌മെന്റിലൂടെ പാക്കിസ്ഥാനിലെ ചെറുകിട, ഇടത്തരം സംരംഭങ്ങളെ പിന്തുണയ്ക്കാമെന്നായിരുന്നു വാഗ്ദാനം. ഒപ്പം സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാനിൽ യുഎഇ 3 ബില്യൺ ഡോളറും നിക്ഷേപിച്ചിരുന്നു.
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാന്‍ സമ്പദ് വ്യവസ്ഥ സ്ഥിരപ്പെടുത്തുന്നതിന് യുഎഇ നിക്ഷേപ പദ്ധതികൾ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. പാകിസ്ഥാനിൽ സാമ്പത്തിക പ്രതിസന്ധി ആസന്നമെന്ന് ധനമന്ത്രി മിഫ്താഹ് ഇസ്മായില്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. അതേസമയം ഇന്ത്യയും ഇസ്രായേലുമടക്കം വിവിധ രാജ്യങ്ങളുമായി ഒപ്പുവച്ച സമഗ്ര സാമ്പത്തിക വ്യവസായ കരാര്‍ പദ്ധതികളുമായും യുഎഇ മുന്നോട്ടുപോവുകയാണ്.