ശബരിമലയിൽ അയ്യപ്പഭക്തർക്ക് ആവശ്യമായ കൂടുതൽ അടിസ്ഥാന സൗകര്യം ഒരുക്കാൻ സർക്കാരും ദേവസ്വം ബോർഡും അടിയന്തരമായി ഇടപെടണമെന്ന് കെപിസിസി പ്രസിഡൻ്റ് കെ.സുധാകരൻ ആവശ്യപ്പെട്ടു. നവകേരള സദസിൽ മുഖ്യമന്ത്രിയുടെ വാലേപ്പിടിച്ച് ഊരുതെണ്ടി നടക്കാതെ ദേവസ്വം മന്ത്രി ഏകോപന ചുമതല ഏറ്റെടുക്കണം. ഭക്തരുടെ കയ്യിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിൽ മാത്രമാണ് സർക്കാരിനും ദേവസ്വം ബോർഡിനും ശ്രദ്ധയുള്ളത്. ഭക്തർക്ക് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കി നൽകുന്നതിന് അവർ തയ്യാറാകുന്നില്ലെന്നാണ്
സുധാകരൻ വിമർശിച്ചത്.
‘മണിക്കൂറുകളായി നീളുന്ന ക്യൂവിൽ നിന്ന് കുട്ടികളും വൃദ്ധരുമായ ഭക്തർ ഉൾപ്പെടെ വലയുകയാണ്. കുടിക്കാൻ വെള്ളമോ, കഴിക്കാൻ ആഹാരമോ കിട്ടാത്ത സാഹചര്യമാണുള്ളത്. ഹൃദയസംബന്ധമായ അസുഖം ഉൾപ്പെടെ വിവിധ രോഗങ്ങൾ ഉള്ളവരും ശബരിമല ദർശനത്തിനായി എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം 10 വയസുകാരി കുഴഞ്ഞു വീണ് മരിക്കാനിടയായി. 18 മണിക്കൂറോളം നീളുന്ന ക്യൂവിലെ തിക്കിലും തിരക്കിലുംപെട്ട് പല അയപ്പഭക്തരും കുഴഞ്ഞുവീഴുന്ന കാഴ്ച പതിവായിട്ടുണ്ട്. മണിക്കൂറുകളായി ക്യൂവിൽ നിൽക്കുന്നിടങ്ങളിലെല്ലാം മേൽക്കുര സൗകര്യം ഇല്ലാത്തതിനാൽ മഴയും പ്രതിസന്ധി സൃഷ്ടിക്കാറുണ്ട്. ക്യൂവിൽ നിന്ന് തളർന്ന ഭക്തർ ക്യൂവിൽ നിന്നിറങ്ങി ചെങ്കുത്തും വഴുക്കുള്ളതുമായ പ്രദേശം വഴി സന്നിധാനം ലക്ഷ്യമായി നടക്കുന്നത് കൂടുതൽ അപകടത്തിന് വഴിവെയ്ക്കും.
മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരള സദസിന്റെ സുരക്ഷാ ക്രമീകരണങ്ങളിലേക്ക് ഭരണകൂടത്തിൻ്റെ ശ്രദ്ധ കേന്ദ്രീകരിച്ചതിനാൽ ശബരിമലയിൽ ആവശ്യത്തിന് പൊലീസുകാരുടെ കുറവുണ്ട്. ഇത് തിരക്ക് നിയന്ത്രിക്കുന്നതിൽ ഉൾപ്പെടെ നിരവധി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ പതിനായിരക്കണക്കിന് ഭക്തരാണ് ശബരിമല ദർശനത്തിന് പ്രതിദിനം എത്തുന്നത്. ഭക്തർക്ക് കൂടുതൽ പരിഗണന നൽകേണ്ട സ്ഥലമായിട്ടും പൊലീസുകാരെ സ്വന്തം സുരക്ഷയ്ക്കായി വിന്യസിക്കുന്ന അല്പനായി മുഖ്യമന്ത്രി മാറി. മുൻപ് ശബരിമല വിഷയത്തിൽ കൈപൊള്ളിയതിൻ്റെ പ്രതികാരമാണോ ഇപ്പോൾ സർക്കാർ സ്വീകരിക്കുന്ന അലംഭാവമെന്ന് സംശയമുണ്ട്. ഇനിയൊരു അപകടം ഉണ്ടായാൽ മാത്രമേ സർക്കാർ കണ്ണുതുറന്ന് നടപടി സ്വീകരിക്കുവെന്നത് തീർത്തും നിർഭാഗ്യകരമാണ്.
ഭക്തരുടെ കയ്യിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിൽ മാത്രമാണ് സർക്കാരിനും ദേവസ്വം ബോർഡിനും ശ്രദ്ധയുള്ളത്. അവർക്ക് അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കി നൽകുന്നതിനോ അവരുടെ ജീവന് സുരക്ഷ ഏർപ്പെടുത്തുന്നതിനോ സർക്കാരിന് കഴിയാതെ പോകുന്നു. ക്യൂ കോംപ്ലക്സിൽ സൗകര്യങ്ങളില്ലെന്ന പരാതി ഭക്തർ നിരന്തരം ഉന്നയിക്കുന്നുണ്ട്. മണ്ഡലകാല തീർത്ഥാടന കാലത്ത് അയ്യപ്പഭക്തർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിൽ ഗുരുതര അലംഭാവമാണ് സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും ഭാഗത്തുനിന്നുണ്ടാകുന്നത്’ എന്നാണ് സുധാകരൻ വിമർശിച്ചത്.